അടുപ്പണഞ്ഞ് കേറ്ററിംഗ് യൂണിറ്റുകള്‍, തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന്, ചൊവ്വാഴ്ച 'നില്‍പ്പ് സമരം'

By Web TeamFirst Published Jul 4, 2021, 4:28 PM IST
Highlights

സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കും. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കുറഞ്ഞത് 100 പേരെയെങ്കിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. 

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കും. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കുറഞ്ഞത് 100 പേരെയെങ്കിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. 

ആയിരങ്ങള്‍ക്ക് പ്രതിദിനം സദ്യ ഒരുക്കിയിരുന്ന കേറ്ററിംഗ് യൂണിറ്റുകളിലെ അടുപ്പണഞ്ഞിട്ട് ഒരു കൊല്ലത്തിലേറെയായി. ഒന്നാം തരംഗവും ലോക്ഡൗണും കഴിഞ്ഞപ്പോഴേക്കും വീണ്ടും രണ്ടാം തരംഗവും ലോക്ഡൗണും പ്രഖ്യാപിച്ചു. വിവാഹത്തിന് പരമാവധി 20 പേരെ മാത്രം അുവദിക്കുന്ന സാഹചര്യമായതോടെ സദ്യയുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് പ്രായോഗികമല്ലാതായി. 2500 ഓളം കേറ്ററിംഗ് യൂണിറ്റുകളിലായി രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ഇല്ലാതായി. പാചകത്തിനുള്ള ഉപകരണങ്ങളും ഡെലിവറി വാഹനങ്ങളും നശിക്കുകയാണ്. നൂറ് കണക്കിനാളുകള്‍ എത്തുന്ന ബെവ്കോ ഔട്ലെറ്റുകള്‍ തുറന്ന സര്‍ക്കാര്‍ വിവാഹ സദ്യകള്‍ക്കും സത്കാരങ്ങള്‍ക്കുമുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്നാണ് ആവശ്യം.

കേറ്ററിംഗ് യൂണിറ്റുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടക്കും. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നില്‍പ്പ് സമരം നടത്തും. കേറ്ററിംഗ് മേഖലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!