'3500 കോടിയുടെ പ്രോജക്ട് നടപ്പിലാക്കാനുള്ള ആസ്തി എങ്ങനെ ഉണ്ടായി'; കിറ്റക്സിനോട് ഷിബു ബേബി ജോണ്‍

Published : Jul 04, 2021, 02:57 PM ISTUpdated : Jul 04, 2021, 07:13 PM IST
'3500 കോടിയുടെ പ്രോജക്ട് നടപ്പിലാക്കാനുള്ള ആസ്തി എങ്ങനെ ഉണ്ടായി'; കിറ്റക്സിനോട് ഷിബു ബേബി ജോണ്‍

Synopsis

'ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ല'

കൊല്ലം: കേരളം വ്യവസായി സൗഹൃദമല്ലായെന്ന പരാമര്‍ശത്തില്‍ കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങൾ ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?- ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് മുന്‍ മന്ത്രിയുടെ വിമര്‍ശനം.  താങ്കളുടെ കാലത്തും താങ്കളുടെ പിതാവിന്‍റെ കാലത്തും കിറ്റക്സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് താങ്കൾ ഇപ്പോൾ കുറ്റം പറയുന്ന കേരളത്തിൻറെ  മണ്ണിൽ ചവിട്ടി നിന്ന് തന്നെയല്ലേയെന്ന് ഷിബു ചോദിക്കുന്നു. ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് എം.ഡി സാബു ജേക്കബിന്‍റെ പ്രതികരണങ്ങൾ കണ്ടു. ആ വിഷയത്തെ കുറിച്ച് തൽക്കാലം ഒന്നും പ്രതികരിക്കുന്നില്ല. എന്നാൽ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളിൽ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തിൽ ആരംഭിക്കാനിരുന്ന 3500 കോടി മുതൽമുടക്കുള്ള പ്രോജക്ടിൽ നിന്നും പിൻമാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങൾ ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ? താങ്കളുടെ കാലത്തും താങ്കളുടെ പിതാവിന്‍റെ കാലത്തും കിറ്റക്സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് താങ്കൾ ഇപ്പോൾ കുറ്റം പറയുന്ന കേരളത്തിൻറെ  മണ്ണിൽ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തിൽ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളർത്തിയതിൽ ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും യാതൊരു പങ്കും ഇല്ലെന്നാണോ? 

അങ്ങനെ നിങ്ങൾ പറഞ്ഞാൽ അത്, എന്നും നിങ്ങളോട് ചേർന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആ നന്ദികേടാണ് വിലപേശലിന്‍റെ  സ്വരത്തിൽ ഞങ്ങളിന്ന് കണ്ടത്. ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ടെലിവിഷനിൽ താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ലായിരുന്നു എന്നത് കൊണ്ട് മാത്രം ഓർമിപ്പിച്ചതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും