Latest Videos

സംസ്ഥാനത്ത് ലോക് ഡൗൺ നീട്ടി ഉത്തരവിറക്കി; ട്രിപ്പിൾ ലോക് ഡൗൺ മാർഗ രേഖ നാളെ

By Web TeamFirst Published May 14, 2021, 8:19 PM IST
Highlights

രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂ‍ർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി കൊണ്ടുള്ള ഉത്തരവിറങ്ങി. എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗ വ്യാപനം തീവ്രമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ മാര്‍ഗരേഖ നാളെ പുറത്തിറക്കും. അടച്ചുപൂട്ടൽ കണക്കിലെടുത്ത് സൗജന്യകിറ്റ് അടുത്ത മാസവും തുടരാൻ തീരുമാനിച്ചു. 

ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന നാല് ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും. കടകൾ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാകും തുറക്കാൻ അനുമതി. പുറത്തിറങ്ങാൻ ഏറ്റവും അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാകും അനുമതി. നിർമ്മാണമേഖലയിൽ ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നൽകിയ അനുമതി ഉണ്ടാക്കില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ അല്ലാത്ത ജില്ലകളിൽ പ്ലംബിംഗ് ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകീട്ട് ആറ് മണി വരെ തുറക്കാം.

രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയര്‍ന്നത്. 20 ന് ശേഷമുള്ള സ്ഥിതി വിലയിരുത്തിയാകും തുടർതീരുമാനം.

അടച്ചിടലിൽ ദുരിതത്തിലായവരെ സഹായിക്കാൻ സർക്കാറിൻ്റെ കൈത്താങ്ങ് ഉണ്ട്. സൗജന്യ കിറ്റ് വിതരണം അടുത്ത മാസവും തുടരും. മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ തീർക്കും. വിവിധ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് ആയിരം രൂപ വെച്ച് നൽകും. ക്ഷേമനിധിയിൽ അംഗമല്ലാത്ത ബിപിഎൽ വിഭാഗങ്ങൾക്കും നൽകും ആയിരം രൂപ. അംഗൻവാടി ജീവനക്കാർ അടക്കമുള്ള താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!