തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ജനങ്ങൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ; മേയർ

By Web TeamFirst Published Sep 28, 2020, 6:45 AM IST
Highlights

രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്.

തിരുവനന്തപുരം: നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ പറഞ്ഞു. 

വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുൾപ്പടെയുള്ള നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. രോഗികളുടെ എണ്ണാം പതിനായിരത്തോടടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കൊവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണ്.

click me!