'കൊവിഡില്ലാ സർട്ടിഫിക്കറ്റ്' ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കും വ്യക്തികൾക്കും ബാധകമല്ല; ഉത്തരവ് തിരുത്തി കളക്ടർ

By Web TeamFirst Published Apr 19, 2021, 1:59 PM IST
Highlights

ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്കാണ് ഉത്തരവ് ബാധകമാവുക. 

കാസര്‍കോട്: കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ശനിയാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടർ. ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ പോകുന്ന പരിശോധന ടൗണിലൂടെ പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ല. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും കളക്ടർ വ്യക്തമാക്കി.

ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്കാണ് ഉത്തരവ് ബാധകമാവുക. ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി തൊഴിലാളികൾ, സ്വകാര്യ- സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ് എന്നും കളക്ടര്‍ അഭ്യാര്‍ത്ഥിച്ചു.

45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ തൽക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവർക്ക് നിലവിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. രൂക്ഷമായ ഈ വ്യാപനം തടയുന്നതിന് എസ്എംഎസ് (മാസ്‌ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നിവ) കർശനമായി പാലിക്കണം. ഇതിന്‍റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നതിന് ജില്ലാ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടർ അധ്യക്ഷനായ ദുരന്തനിവാരണ സമിതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം.

click me!