സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ; പകല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, വർക്ക് ഫ്രം ഹോം നടപ്പാക്കും

By Web TeamFirst Published Apr 19, 2021, 5:09 PM IST
Highlights

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതുവിടങ്ങളിൽ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കൊണ്ടുവരും.

തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. സിനിമ തീയറ്ററുകളുടേയും മാളുകളുടേയും സമയം രാത്രി എഴ് മണിവരെയാക്കിക്കുറച്ചു.

അതിതീവ്രവ്യാപനം തടയാൻ വേണ്ടിയാണ് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങുന്നത്. രാവിലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പൊലീസാണ് രാത്രികാല കർഫ്യൂ മുന്നോട്ട് വച്ചത്. വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം കൂടുമെന്ന സാഹചര്യം മുന്നിൽ കണ്ട് നിയന്ത്രണം കടുപ്പിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഉച്ചക്ക് ശേഷം ചേർന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർകമ്മിറ്റി യോഗം ഇത് അംഗീകരിക്കുകയായിരുന്നു. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യൂ. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും. സിനിമാ തീയറ്ററുകൾ മാളുകൾ എന്നിവയുടെ പ്രവർത്തനം 7 മണിവരെയാക്കി ചുരുക്കി. മാളുകളിൽ നിയന്ത്രണം കർശനമാക്കാനും തീരുമാനിച്ചു.

സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് വകുപ്പ് മേധാവികൾക്ക് നിശ്ചയിക്കാമെന്നാണ് നിർദ്ദേശം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. കൊവിഡ് വ്യാപനം പിടിച്ച് നിർത്താനായാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കും.

click me!