ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു; സംഭവം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍

By Web TeamFirst Published May 13, 2021, 10:35 AM IST
Highlights

വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി വരാന്തയിലാണ് നകുലനെ ആദ്യം കിടത്തിയത്. 

തൃശ്ശൂര്‍: തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വീഡിയോ ഇട്ടിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

ആറ് ദിവസം മുമ്പാണ് വാടാനപ്പളളി സ്വദേശി  നകുലൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നത്. കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് ആശുപത്രിയിൽ നേരിട്ട അവഗണനക്കെതിരെ നകുലൻ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വീഡീയോ സന്ദേശമിട്ടു. കൊവിഡ് വാർഡിലേക്ക് മാറ്റിയെങ്കിലും ഡയാലിസിസോ മറ്റ് പരിചരണമോ നൽകിയില്ലെന്ന് മാത്രമല്ല, വെളളം പോലും കിട്ടിയില്ലെന്നും പരാതിയുണ്ട്. അവഗണന തുടർന്നപ്പോൾ ചൊവ്വാഴ്ച വീണ്ടും കൊവിഡ് വാർഡിൽ നിന്ന് തന്നെ തന്റെ അവസ്ഥ മൊബൈലിൽ  നകുലൻ ചിത്രീകരിച്ചു. ഇതിന് പരിഹാരമാകും മുമ്പേ നകുലൻ മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു. 

എന്നാൽ, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി. ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.  സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടർ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!