മാഹിയിലെ കൊവിഡ് രോഗിയുടെ നില ഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ

By Web TeamFirst Published Apr 8, 2020, 1:26 PM IST
Highlights

നിലവിൽ പരിയാരം മെഡിക്കൽ കോളേജിലുള്ള രോഗിയുടെ ഇരു വൃക്കകളും പ്രവർത്തിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇയാൾക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ സമൂഹ വ്യാപന സാധ്യത കൂടി പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്.

മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എംഎം ഹൈസ്കൂൾ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും മാഹിസ്വദേശി പങ്കെടുത്തു. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിൽ പോകാനായി 11 പേരോടൊപ്പം ടെംപോ ട്രാവലറിലും യാത്ര ചെയ്തു. ഈ ചടങ്ങിൽ 45 പേർ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേർക്കൊപ്പം എരൂർ പള്ളിയിലെ പ്രാർത്ഥനയ്ക്ക് എത്തി. 23 ആം തീയതി പനി വന്നതിനെ തുടർന്ന് രണ്ട് ബന്ധുക്കൾക്കൊപ്പം തലശ്ശേരി ടെലിമെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ടു. രോഗം മൂർഛിച്ചതോടെ 31 ന് മിംസിലേക്ക് മാറ്റി. ആറാം തീയതിയാണ കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിലുള്ള രോഗിയുടെ ഇരു വൃക്കകളും പ്രവർത്തിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

ഇയാൾ വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് മനസിലാകാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നതായി ജില്ല ഭരണകൂടം പറയുന്നു.

Read Also: മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിലൂടെ? ന്യൂമാഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

രോഗിയുടെ റൂട്ട് മാപ്പ്...

മാർച്ച് 15 മുതൽ 21 വരെ എംഎം ഹൈസ്കൂൾ പള്ളിയിൽ പോയി.

മാർച്ച് 8ന് ചമ്പാട് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 23 ന് തലശ്ശേരി ടെലി മെഡിക്കൽ സെന്ററിൽ ചികിത്സ തേടി

മാർച്ച് 30 നും 31 നും ടെലി മെഡിക്കൽ സെന്ററിലെത്തി

മാർച്ച് 31ന് രാത്രി ആംബുലൻസിൽ മിംസിലേക്ക് കൊണ്ടുപോയി

ഏപ്രിൽ 6ന് ന്യുമോണിയ ബാധിച്ചതോടെ സ്രവ പരിശോധന നടത്തി

ഏപ്രിൽ 7ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

click me!