മുല്ലപ്പള്ളിയോട് പിണറായിക്ക് കുടിപ്പക, സാലറി ചലഞ്ചിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: ചെന്നിത്തല

Published : Apr 08, 2020, 01:21 PM ISTUpdated : Apr 08, 2020, 01:23 PM IST
മുല്ലപ്പള്ളിയോട് പിണറായിക്ക് കുടിപ്പക, സാലറി ചലഞ്ചിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: ചെന്നിത്തല

Synopsis

മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. 

തിരുവനന്തപുരം: സാലറി ചാലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാൽ ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുൻപേ തന്നെ കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ തകർന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്മെൻ്റിലെ പാളിച്ച കൊവിഡിൻ്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. സമൂഹഅടുക്കളയിലും സന്നദ്ധസേനയും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല ആരോപിച്ചു. 

സർക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്യതത്. നിലവിലെ അന്തരീക്ഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണം. അതു കൊണ്ടാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ഞാനും കൂടി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. 

ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പലവട്ടം ചോദിച്ചിട്ടും സർക്കാരുമായി ബന്ധപ്പെട്ട പലവിവാദവിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. കേരളത്തിൽ പൊതുവിൽ നിലനിൽക്കുന്ന ഐക്യത്തിന്റേതായ അന്തരീക്ഷം ഇനിയും തുടരട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാരിന് അതിന് താത്പര്യമുണ്ടെങ്കിൽ ഞങ്ങളും അതിനു തയ്യാറാണ്. 

സാലറി ചലഞ്ചിന് ഞങ്ങൾ എതിരല്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതിനോട് സഹകരിക്കുന്നുണ്ട്. എന്നാൽ നിർബന്ധമായി സാലറി ചല‍ഞ്ച് നടപ്പാക്കരുത് എന്നാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ ഇതിനോട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജസ്ഥാനിൽ സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇന്നലെ രാജസ്ഥാൻ ആരോ​ഗ്യമന്ത്രിയുമായി ഞാൻ സംസാരിച്ചു. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ സാലറി 60-50 ശതമാനം ഡെഫർ ചെയ്തു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടേയും ​ഗ്രൂപ്പ് എ ജീവനക്കാരുടെ ശമ്പളം അൻപത് ശതമാനം സാലറി ഡെഫർ ചെയ്യുകയാണ് ചെയ്തത്. 

തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവ് എൻ്റെ പക്കലുണ്ട്. സർക്കാർ ജീവനക്കാരും അധ്യാപകരും അവിടെ അവരുടെ ഒരു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസനിധിയിലേക്ക് വാങ്ങിയത്. കേന്ദ്രസർക്കാരും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് വാങ്ങി. 

കഴിഞ്ഞ പ്രളയത്തിൽ നടപ്പാക്കിയ സാലറി ചലഞ്ചിൽ ​ഗഡുക്കളായി ശമ്പളം വിട്ടു കൊടുത്തവർ ഈ മാസത്തോടെയാണ് അതു പൂർത്തിയാക്കുന്നത്. അപ്പോഴാണ് പുതിയ ചലഞ്ച് വരുന്നത്. പ്രളയഫണ്ടിൽ സിപിഎമ്മുക്കാർ നടത്തിയ തട്ടിപ്പിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇനി കൊവിഡ് ഫണ്ടും തട്ടിക്കാനുള്ള പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. 

ഈ പ്രതിസന്ധി കാലത്താണോ ​ഗതാ​ഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം രൂപ ചിലവാക്കി ശുചീകരിക്കേണ്ടത്. ഞാൻ ചോ​ദിക്കട്ടെ കൊവിഡ് വന്നതിനാലാണോ കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത്. കെടുകാര്യസ്ഥത, ധൂർത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് ഇവിടെ സാമ്പത്തികസ്ഥിതി മോശമാകാൻ കാരണം. അതിഭീകര പ്രതിസന്ധിയിലാണ് നേരത്തെ മുതൽ ട്രഷറി. ഇതൊക്കെ പ്രതിപക്ഷത്തിന്റെ കുറ്റമാണോ ? ആരോഗ്യ ചിലവുകൾക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്നും എടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. 

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാർ ശക്തമായി പ്രതിരോധം തീർക്കും. പ്രവാസികളുടെ കാര്യത്തിൽ മുല്ലപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്. മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയോട് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് നാളേറെയായി. തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. സമൂഹഅടുക്കളിയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണ്. 

കൊവിഡ് വ്യാപനഭീതി സംസ്ഥാനത്തും രാജ്യത്തും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം മാറ്റി വച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണ്. ഇന്നലെ എല്ലാ ഡിസിസികളുമായി ഞാനും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്ന് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. ഡിസിസികൾ നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. 

ലോക്ക് ഡൗൺ തുടർച്ച സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ എംകെ മുനീർ കൺവീനറായ ഒരു കമ്മിറ്റി യുഡിഎഫ് രൂപീകരിച്ചു. മുൻചീഫ് സെക്രട്ടറി കെഎം ചന്ദ്രശേഖർ അ‌ക്കം വിവിധ സാമൂഹിക മേഖലകളിലെ പ്രമുഖർ ഈ സമിതിയിലുണ്ടായിരുന്നു. ഇവർ നട‌ത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുൻപ്രധാനമന്ത്രി മൻമോഹൻസിം​ഗ്, കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവർക്ക് നൽകും.

പത്ത് മാനദണ്ഡങ്ങൾ ഉപയോ​ഗിച്ച് സംസ്ഥാനത്തെ ജില്ലകളെ നാലായി തിരിക്കും. ലോ റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക്, വെരി ഹൈ റിസ്ക് എന്നിങ്ങനെ ജില്ലകളെ വേർതിരിച്ച ശേഷം ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരിശോധന വ്യാപകമാകണം. റാപ്പിഡ് ടെസ്റ്റ്, റാൻഡം ടെസ്റ്റ് എന്നിവ വ്യാപകമാകണം എന്ന് സമിതി ശുപാർശ ചെയ്യുന്നു. മെയ് 15-ന് ശേഷം മാത്രം അന്താരാഷട്ര സർവ്വീസുകൾ ആരംഭിക്കുക. എന്നാൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വേണമെങ്കിൽ പ്രത്യേക വിമാനം സർവ്വീസ് നടത്താം. ഇങ്ങനെ മടങ്ങിയെത്തുന്നവരെ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ വിടണം. 

കൊവിഡ് പ്രതിരോധത്തിനും ​ഗവേഷണത്തിനും വലിയ പ്രാധാന്യം കൊടുക്കുകയും ഇതിനായി പ്രത്യേകഫണ്ടിം​ഗ് നടപ്പാക്കുകയും വേണം. എല്ലാ ആഴ്ചയും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തണം. തുടങ്ങിയവയാണ് യുഡിഎഫ് നിയോ​ഗിച്ച വിദ​ഗ്ദ്ദ സമിതിയുടെ പ്രധാന ശുപാർശകൾ. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു