
വയനാട്: രോഗബാധിതർ ദിനംപ്രതി കൂടുന്ന വയനാട്ടില്‍ ജാഗ്രത കർശനമാക്കി ജില്ലാ ഭരണകൂടം. മാനന്തവാടി മേഖലയില്‍ കർശന നിയന്ത്രണങ്ങൾ തുടരും. കളക്ട്രേറ്റിലെ പതിവ് അവലോകനയോഗങ്ങളും ദിവസേനയുള്ള വാര്‍ത്താസമ്മേളനവും തല്‍കാലത്തേക്ക് നിർത്തി. പൊലീസുകാരില്‍ കൂടുതല്‍ പേർക്ക് രോഗംബാധിച്ച സാഹചര്യത്തില്‍ അതിർത്തിയിലടക്കം ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നല്‍കി കഴിഞ്ഞു.
നേരത്തെ സമ്പർക്കപ്പട്ടികയിലുള്ളവർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നത് എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്ടർ ആവർത്തിക്കുന്നത്. ജില്ലയില്‍ റാന്‍ഡം ടെസ്റ്റുകളും തുടരുകയാണ്. സമ്പർക്കപ്പട്ടികയിലില്ലാത്തവരാരെങ്കിലും രോഗബാധിതരായുണ്ടെങ്കില്‍ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ദിവസവും ശരാശരി 50 പേരുടെ സാമ്പിളാണ് ജില്ലയില്‍നിന്ന് പരിശോധനയ്ക്കയക്കുന്നത്. നിലവില്‍ മാനന്തവാടി താലൂക്കിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്. ആദിവാസി വിഭാഗക്കാർ കൂടുതലുള്ള താലൂക്കില്‍ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യവസ്തുക്കൾ വില്‍കുന്ന കടകളല്ലാതെ ഒരു സ്ഥാപനവും തുറക്കില്ല. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്.
കണ്ടെയിന്‍മെന്‍റ് സോണാക്കിയ ഓരോ പഞ്ചായത്തുകളുടെയും മേല്‍നോട്ടത്തിന് പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കിയിട്ടുണ്ട്. അതേസമയം, മുത്തങ്ങ അതിർത്തിയിലൂടെ ദിവസവും കടത്തിവിടുന്ന പരമാവധിയാളുകളുടെ എണ്ണം ഇന്നുമുതല്‍ ആയിരമാക്കി ഉയർത്തി. മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ സർക്കാർ ഓഫീസുകളിലെല്ലാം ജാഗ്രത കർശനമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam