എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളില്ല; കേരള സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published May 15, 2020, 9:04 AM IST
Highlights

പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകളില്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മാത്രമേ സബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളൂ.

തിരുവനന്തപുരം: ഇരുപത്തിയൊന്നാം തീയതി പരീക്ഷ തുടങ്ങാനുള്ള കേരള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. 29ന് മുമ്പായി പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നുള്ള നിര്‍ദ്ദേശവും അപ്രായോഗികമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 

വൈസ് ചാന്‍സലര്‍, കോളേജ് പ്രിന്‍സിപ്പാള്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന പരീക്ഷകള്‍ 21 മുതല്‍ പുരനരാംഭിക്കാനുള്ള തീരുമാനമെടുത്തത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകളില്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മാത്രമേ സബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളൂ. മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റര്‍ വീതമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പൊതുഗതാഗം തുടങ്ങിയില്ലെങ്കില്‍ ജില്ലയ്ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളിലക്ക് പോലും എങ്ങനെ എത്താനാകുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. യാത്ര സാധ്യമായാലും കോളേജ് ഹോസ്റ്റലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ താമസൗകര്യമുണ്ടാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കോളേജുകളാണ് അധിക പരീക്ഷാകേന്ദ്രങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കേണ്ടതെന്നും ഈ നാല് ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളില്‍ സബ്‌സെന്ററുകള്‍ ഒരുക്കാനാകില്ലെന്നുമാണ് കേരള സര്‍വകലാശാലയുടെ വിശദീകരണം. ഒരു പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താനാകാത്ത കുട്ടികള്‍ക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്തുന്നത് പരിഗണിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

click me!