'കേരളം കൂടുതൽ തുറക്കാം, മരണനിരക്ക് കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം'; നിര്‍ദ്ദേശം വിദഗ്ധരുമായി നടത്തിയ ചർച്ചയില്‍

By Web TeamFirst Published Sep 1, 2021, 9:13 PM IST
Highlights

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധർ യോ​ഗത്തില്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കേരളം കൂടുതൽ തുറക്കാമെന്ന നിർദേശവുമായി സർക്കാർ വിളിച്ച യോഗത്തിൽ വിദഗ്ദർ. വാക്സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുനിർദേശം. അതേസമയം കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് കേരളം കർണാടകയ്ക്ക് കത്തയച്ചു.  കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വേഗം കൂട്ടാൻ കേന്ദ്രം തമിഴ്നാടിനും കർണാടകയ്ക്കും നിർദേശം നൽകി.

ടിപിആർ, ലോക്ക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് ശ്രദ്ധ നൽകേണ്ടത്. വാക്സിനേഷൻ വേഗത ഉയർത്തിയാൽ ഇത് സാധ്യമാകും.  ചികിത്സാ സംവിധാനങ്ങൾ നിറഞ്ഞുകവിയുന്ന ഘട്ടത്തിൽ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം.  കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയർന്നു. രോഗതീവ്രത കുറവാണെന്ന സർക്കാർ വിലയിരുത്തലും യോഗത്തിലുണ്ടായി.

പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് അടക്കം ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിലാണ് നിർദേശം. നിർദേശം പിന്നീട് സർക്കാർ ഈ വിദഗ്ദരുമായി പ്രത്യേകം ചർച്ച നടത്തിയാകും പുതിയ തീരുമാനങ്ങളിലെത്തുക.  പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണ് ചർച്ചയിലെ പൊതു നിർദേശമെന്നിരിക്കെ ഇവ നടപ്പാക്കുന്നതും കരുതലോടെയാകും. ഇതിനിടയിലാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വേഗം കൂട്ടാൻ കേന്ദ്രം തമിഴ്നാടിനും കർണാടകയ്ക്കും നിർദേശം നൽകിയത്.

കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വ്യാപനം തടയാൻ നടപടി ശക്തമാക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനാന്തര യാത്രയിൽ നിലനിൽക്കുന്ന കേന്ദ്ര നിർദേശങ്ങൾക്ക് വിരുദ്ധമാണ് കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം ഇപ്പോൾ ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റീൻ എന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറി കർണാടകയ്ക്ക് കത്തയച്ചത്. വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!