കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. എന്നാൽ വ്യക്തിയല്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും, കോൺഗ്രസ് വിട്ടുവന്നാൽ സംസാരിക്കാമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി

തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിർത്താനുള്ള സി പി എം നീക്കം ശക്തമെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടത് മുന്നണി അടിത്തറ വിപുലീകരിക്കാൻ ഗ്രൂപ്പുകളെയും പാർട്ടികളെയും വ്യക്തികളെയും സ്വാഗതം ചെയ്യുമെന്ന് കൺവീനർ വ്യക്തമാക്കി. ശശി തരൂർ എന്ന വ്യക്തി അല്ല കാര്യമെന്നും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ആണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് നിലപാടിനോട് യോജിപ്പുണ്ടെങ്കിൽ ആർക്കും കടന്നു വരാം. ശശി തരൂർ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഉള്ള ആളാണ്. കോൺഗ്രസ്‌ പാർട്ടി വിട്ട് വന്ന് നിലപാട് മാറ്റിയാൽ സംസാരിക്കാമെന്നും ടി പി രാമകൃഷ്ണൻ വിവരിച്ചു. ഇതു വരെ അത്തരത്തിൽ ഒരു ചർച്ച തരൂരുമായി നടന്നതായി തനിക്ക് അറിയില്ലെന്നും ഇടത് മതേതര നിലപാട് ആണ് പ്രധാനമെന്നും എൽ ഡി എഫ് കൺവീനർ വ്യക്തമാക്കി.

തരൂരിനെ ഇടത്പാളയത്തിലെത്തിക്കാൻ ദുബായ് ചർച്ച

കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന ശശി തരൂരിനെ ഇടത് പാളയത്തിലെത്തിക്കാൻ ദുബായിൽ നിർണായക ചർച്ചകൾ എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്നാണ് വിവരം. വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് നിര്‍ണായകമായ വിവരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും എന്നുള്ള വിവരമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ രാഹുൽ ഗാന്ധിയടക്കം പങ്കെടുത്ത മഹാപഞ്ചായത്തിലെ അവഗണനയിൽ തരൂര്‍ അതൃപ്തിയിലാണ്. ഇത് മുൻനിർത്തിയാണ് സി പി എം നീക്കമെന്നാണ് വ്യക്തമാകുന്നത്. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് 27 ന് ചേരുന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തരൂർ പങ്കെടുക്കില്ലെന്നാണ് വിവരം. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് പാർട്ടിയും ശക്തമാക്കിയിട്ടുണ്ട്. പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധി തന്നെ തരൂരിനോട് സംസാരിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നേ തന്നെ തരൂരുമായി നേതാക്കള്‍ സംസാരിക്കുമെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരുന്ന ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൂടിക്കാഴ്ട നടന്നേക്കുമെന്ന സൂചനയും പറത്തുവരുന്നുണ്ട്. തരൂരിനെ കാണാനുള്ള താല്‍പര്യം രാഹുല്‍ ഗാന്ധി അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍ തരൂര്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന. തരൂരിനെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ റിസ്ക് എടുക്കാന്‍ പാര്‍ട്ടിയില്ലെന്നും ഉള്ള നിലപാടിലാണ് നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കി നിര്‍ത്തിയാല്‍ യുവാക്കളിലും, പ്രൊഫഷണലുകളിലും മധ്യവര്‍ഗത്തിലുമൊക്കെ അതൃപ്തിക്കിടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് വിസ്മയമായി തരൂർ മാറുമോ എന്നതടക്കം കണ്ടറിയണം.