മാസ്ക് ഇടപാടിലും ദുരൂഹത;ജിഎസ്ടി ഇല്ലാത്ത കമ്പനിക്ക് ജിഎസ്ടിയുടെ പേരിലും പണം നൽകി; കണക്ക് രേഖപ്പെടുത്തിയില്ല

Web Desk   | Asianet News
Published : Jan 11, 2022, 05:29 AM IST
മാസ്ക് ഇടപാടിലും ദുരൂഹത;ജിഎസ്ടി ഇല്ലാത്ത കമ്പനിക്ക് ജിഎസ്ടിയുടെ പേരിലും പണം നൽകി; കണക്ക് രേഖപ്പെടുത്തിയില്ല

Synopsis

മാസ്ക് വിറ്റതില്‍ ഒരു രൂപ പോലും ജിഎസ്ടി കൊടുക്കാത്ത മലയാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് യുദ്ധകാലടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ കൈമാറുകയും ചെയ്തു. സ്റ്റെപ്സ് ഓയില്‍ഫീല്‍ഡ് എന്ന അബുദാബി കമ്പനിയുടെ പേരോ കൊടുത്ത പണമോ കൊവിഡ് ചെലവില്‍ ഉള്‍പ്പെടുത്തിയതുമില്ല. 

തിരുവനന്തപുരം: കൊവിഡിന്‍റെ (covid)മറവിൽ മാസ്കിന്റെ (mask)പേരിലുംസർക്കാറിന്റെ ദുരൂഹ (mystery)ഇടപാട്.ജിഎസ്ടി(gst) റജിസ്ട്രേഷൻ ഇല്ലാത്ത യുഎഇ കമ്പനിയിൽ നിന്നും ജിഎസ്ടി പ്രകാരം തുക നൽകിയാണ് മാസ്ക് വാങ്ങിയത്.വിദേശ അക്കൗണ്ടിലേക്കെന്ന് ഫയലിൽ രേഖപ്പെടുത്തിയ തുകയെത്തിയത് അങ്കമാലി
എസ്ബിഐ അക്കൗണ്ടിൽ.ഈ പണം കൊവിഡ് ചെലവിൽ രേഖപ്പെടുത്തിയതുമില്ല.ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

കൊവിഡിന്‍റെ തുടക്കത്തില്‍ യുഎഇ ആസ്ഥാനമായ കമ്പനിയുടെ മറവില്‍ അരലക്ഷം എന്‍ 95 മാസ്കിന്‍റെ ദുരൂഹ ഇടപാട്. വിദേശത്തേക്ക് കൊണ്ടുപോകാനാകാതെ കൊച്ചിയില്‍ കെട്ടിക്കിടന്നെന്ന് പറയുന്ന അരലക്ഷം മാസ്കാണ് ജിഎസ്ടി രജിസ്ട്രേഷനില്ലാത്ത വിദേശ കമ്പനിയുടെ പേരിൽ സർക്കാർ വാങ്ങിയത്. മാസ്ക് വിറ്റതില്‍ ഒരു രൂപ പോലും ജിഎസ്ടി കൊടുക്കാത്ത മലയാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് യുദ്ധകാലടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ കൈമാറുകയും ചെയ്തു. സ്റ്റെപ്സ് ഓയില്‍ഫീല്‍ഡ് എന്ന അബുദാബി കമ്പനിയുടെ പേരോ കൊടുത്ത പണമോ കൊവിഡ് ചെലവില്‍ ഉള്‍പ്പെടുത്തിയതുമില്ല. 

ഒറ്റ ദിവസം കൊണ്ടായിരുന്നു ഇടപാടുകളെല്ലാം. ദില്ലിയില്‍ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം അതായത് 2020 മാര്‍ച്ച് 25 ന് വിദേശ കമ്പനിയില്‍ നിന്ന് അരലക്ഷം പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തു. പക്ഷേ ഇടപാട് സര്‍വത്ര ദുരൂഹമാണ്.

മാര്‍ച്ച് 25 ന് ഫയല്‍ തുടങ്ങുന്നു. സ്റ്റെപ്സ് ഓയില്‍ഫീല്‍ഡ് ആന്‍റ് എക്വിപ്മെന്‍റ് ട്രേഡിംഗ് എന്ന കമ്പനി യുഎഇ ആസ്ഥാനമാണെന്ന കാര്യം ഫയലിന്‍റെ തുടക്കത്തില്‍ മിണ്ടുന്നതേയില്ല.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഈ കമ്പനിയുടെ കൊച്ചിയിലെ ഓഫീസില്‍ വിദേശത്തേക്കയക്കാൻ കഴിയാതെ അരലക്ഷം എന്‍ 95 മാസ്കുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് ഫയലിലുള്ളത്. ജിഎസ്ടി അടക്കം 157 രൂപയ്ക്ക് അത് തരാന്‍ തയ്യാറാണെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം അന്നത്തെ കെഎംഎസ്‍സിഎൽ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാറും ഫിനാന്‍സ് മാനേജര്‍ മോഹന്‍കുമാറും ഫോണില്‍ കമ്പനി പ്രതിനിധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുന്നു. 25 ന് ഫയല്‍ തുടങ്ങി അന്ന് തന്നെ ഓര്‍ഡര്‍ കൊടുക്കുന്നു.

അപ്പോഴാണ് കൊച്ചിയില്‍ ഓഫീസുണ്ടെന്ന് ഫയലില്‍ പറഞ്ഞ ഈ കമ്പനിക്ക് ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലെന്നറിയുന്നത്. പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത തൊട്ടടുത്ത ദിവസം ജിഎസ്ടി നമ്പര്‍ സീറോ അതായത് ജിഎസ്ടി നമ്പർ ഇല്ലായെന്ന് കാണിച്ച് പണം എത്രയും പെട്ടെന്ന് കൊടുക്കണമെന്ന് വളരെ ലളിതമായി ഫയലിൽ എഴുതുന്നു.

ഇതിന് പിന്നാലെ അരലക്ഷം മാസ്ക്കിന് പകരം 25000 മാസ്കാണെന്ന് കാണിച്ച് ഫിനാൻസ് മാനേജർ‍ ഫയൽ കുറിക്കുന്നു. ജിഎസ്ടി ഇല്ലാത്തെ ഈ കമ്പിനിക്ക് ജിഎസ്ടി അടക്കം 39 ലക്ഷം രൂപ ഉടൻ അബുദാബി കൊമേഷ്യല്‍ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണമെന്നും ഫയലിലെഴുതി. കിട്ടാത്തതിനാല്‍ കിട്ടുന്നിടത്ത് നിന്ന് കൊള്ളവിലയ്ക്ക് വാങ്ങുന്നു എന്ന് സര്‍ക്കാര്‍ പറയുന്ന മാസ്ക് അരലക്ഷമെന്നത് എന്തിന് പെട്ടെന്ന് ഒന്നും പറയാതെ 25000 ആക്കി.? 50000 മാസ്കിനും ഓര്‍ഡര്‍ കൊടുത്തിരുന്നു എങ്കില്‍ ആകെ കൊടുക്കേണ്ടി വരുമായിരുന്ന തുക 78 ലക്ഷമായേനെ. ജിഎസ്ടി രജിസ്ട്രേഷനില്ലാതെ നാല്പത് ലക്ഷത്തില്‍ കൂടിയാല്‍ പ്രശ്നമാകുമെന്ന് മുന്‍കൂട്ടി കണ്ട് കാണണം.

പക്ഷേ പണം അബുദാബി ബാങ്കിലേക്ക് കൊടുക്കാതെ ജിജോ എന്ന് പേരുള്ള കമ്പനിയുടെ എംഡിയെന്ന് കെഎംഎസ് സിഎല്‍ പറയുന്ന ആളുടെ അങ്കമാലി എസ്ബിഐ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് ഈ 39 ലക്ഷം രൂപ അയച്ച് കൊടുക്കുന്നു. ബില്ലുകളെല്ലാം കൊടുത്തിരിക്കുന്നത് സ്റ്റെപ്സ് ഓയില്‍ഫീല്‍ഡ് ആന്‍റ് എക്വിപ്മെന്‍റ് എന്ന കമ്പനിക്ക്. ഇടപാടുകള്‍ മുഴുവന്‍ ജിജോ എന്ന മലയാളിയുമായി.

ജിഎസ്ടി അടക്കം 157 രൂപ എന്ന് പറഞ്ഞിട്ടും ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലാത്ത ജിജോ മുഴുവന്‍ പണവും കൊണ്ട് പോയി. ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലാത്ത ആളുടെ കയ്യില്‍ നിന്ന് എന്ത്കൊണ്ട് കെഎംഎസ് സിഎല്‍ ഓരോ മാസ്കിനും 5 ശതമാനം ജിഎസ്ടി വെച്ച് തിരിച്ചുപിടിച്ചില്ല എന്ന ചോദ്യവും ദുരൂഹമായി തുടരുകയാണ്.

9.3 കോടി രൂപയ്ക്ക് മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സാന്‍ഫാര്‍മയെ പോലെ ഈ അബുദാബി കമ്പനിയുടെ പേരും കൊവിഡ് ചെലവ് കണക്കില്‍ എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്നതാണ് ഞെട്ടിക്കുന്നത്.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം