ഓണത്തിന് പിന്നാലെ നാലാഴ്ച അതീവ ജാഗ്രത; കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? അവലോകന യോഗം ചൊവ്വാഴ്ച

By Web TeamFirst Published Aug 23, 2021, 6:08 PM IST
Highlights

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കും.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് അവലോകന യോഗം നാളെ ചേരും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് യോഗം ചേരുക. ഓണത്തിന് പിന്നാലെ പ്രതിദിന രോ​ഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കും.  ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു. 

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു. 

പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വാക്‌സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!