ലിന്‍റോ ജോസഫ് എംഎൽഎക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ബോഡി ഷെയ്മിംഗ് അധിക്ഷേപത്തെ തിരുവമ്പാടിയിലെ മുസ്ലിം ലീഗ് നേതൃത്വം തള്ളി. ഇത് മനുഷ്യത്വവിരുദ്ധമാണെന്ന് ലീഗ്.
കോഴിക്കോട്: ലിന്‍റോ ജോസഫ് എംഎൽഎക്കെതിരായ അധിക്ഷേപം തള്ളി തിരുവമ്പാടിയിലെ ലീഗ്. ലിന്‍റൊക്കെതിരെ ഉണ്ടായിട്ടുള്ള ബോഡി ഷെയ്മിംഗ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യവുമാണെന്ന് ലീഗിന്‍റെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി കെ കാസിം പ്രതികരിച്ചു. ലീഗുകാരനാണ് പരാമർശം നടത്തിയത് എന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പോസ്റ്റുകളിൽ കണ്ടതിനെ തുടർന്ന് ആളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് കാസിം പറയുന്നത്. വ്യാജ പ്രൊഫൈലിൽ നിന്നാണ് പരാമർശം എന്നാണ് മനസിലാക്കുന്നതെന്നും പാർട്ടിയുമായി ബന്ധമുള്ള ആളാണെന്ന് കണ്ടെത്തിയാൽ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിന് മുസ്ലിം ലീഗ് തന്നെ മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും ഇലക്ഷനിൽ' എന്നായിരുന്നു പരാമർശം.
സി കെ കാസിമിന്‍റെ വാക്കുകൾ
പ്രിയപ്പെട്ട എംഎൽഎ ലിന്‍റോ ജോസഫിന് എതിരെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്ന പരാമർശം ഉണ്ടായതിനെ അങ്ങേയറ്റം ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റവും മാന്യമായ ഭാഷയിൽ നടത്തുന്നതാണ് കേരളത്തിന്റെ മഹനീയ പാരമ്പര്യം. ഇവിടെ സഹോദരൻ, ലിന്‍റോക്കെതിരെ ഉണ്ടായായിട്ടുള്ള ബോഡി ഷെയ്മിംഗ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യവുമായ പ്രവർത്തിയാണ്.
ഒരു ലീഗുകാരനാണ് ഇത്തരം പരാമർശം നടത്തിയത് എന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പോസ്റ്റുകളിൽ കണ്ടതിനെ തുടർന്ന് ഞങ്ങൾ പ്രസ്തുത ആളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. വ്യാജമായ പ്രൊഫൈലിൽ നിന്നാണ് പരാമർശം എന്നാണ് മനസിലാക്കുന്നത്. ആയതിനാൽ നിയമവിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ബന്ധപ്പെട്ട് ഇതിനായുള്ള ശ്രമം ഞങ്ങൾ തുടരുന്നുണ്ട്.
ഈ ആൾ പാർട്ടിയുമായി ബന്ധമുള്ള ആളാണന്ന് കണ്ടെത്താനായാൽ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യുന്നതിനും നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനും മുസ്ലിം ലീഗ് തന്നെ മുൻകയ്യെടുക്കും. ഗവർമെന്റിന്റെ ഭാഗത്തു നിന്ന്, ഒരു എംഎൽഎക്കെതിരെ, അതിലുപരി മനുഷ്യത്വത്തിനെതിരെ ഉണ്ടായിട്ടുള്ള ഈ ഗുരുതരമായ കടന്നാക്രമണത്തിനെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതിയെ കണ്ടെത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുകയാണ്.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള ഇത്തരം ഫെയ്ക്ക് കമൻ്റുകളിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സർക്കാറും പോലീസും ശ്രമിക്കാതിരിക്കുന്നതാണ് വ്യാജ പ്രചരണങ്ങളുടെ വ്യാപനത്തിനു കാരണം എന്നും ഓർമപ്പെടുത്തുന്നു.
കെ കെ ശൈലജ പറഞ്ഞത്...
സഖാവ് ലിന്‍റോ ജോസഫ് എംഎല്‍എയെ അധിക്ഷേപിച്ചുകൊണ്ട് ലീഗ് പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഒരു കമന്റ് ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കുമപ്പുറം വേട്ടമൃഗത്തിന്റെ വൈരാഗ്യത്തോടെ എതിരാളികളെ നോക്കി കാണുകയും വിയോജുപ്പുകള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചും പ്രവര്‍ത്തിക്കുമെന്ന മനോഭാവമുള്ള ഒരു കൂട്ടത്തിന്റെ വക്താവാണ് സഖാവിനെതിരെ ഇത്രയും നീചമായ പരാമര്‍ശം നടത്തിയിട്ടുള്ളത്.
സഖാവ് ലിന്റോ ഞങ്ങളുടെയെല്ലാം അഭിമാനമാണ് ഒരു കാലത്ത് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ചടുലമായ വേഗം കൊണ്ട് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്നൊരു കായിക താരമായിരുന്ന സഖാവ് ലിന്റോയ്ക്ക് ഇന്ന് അല്‍പം വേഗം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായി വന്നുപോയതല്ല. രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സൂക്ഷിച്ചുപോരുന്ന സഹജീവി സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളമാണ്.
പരിഹാസവുമായി ഇറങ്ങിയവര്‍ക്ക് മനസിലാക്കാന്‍ വേണ്ടി ഇതുകൂടി പറയാം ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരിക്കെ ഒരു പെരുന്നാള്‍ ദിനത്തില്‍ അതീവ ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ സമയോചിതമായി ഇടപെട്ട് ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ സഖാവിന് ആ യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് കാലിന് സ്വാധീനം നഷ്ടപ്പെടുന്നത്.
തന്റെ സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്നും നടത്തിയ ഇടപെടലിന്റെ അടയാളമാണ് ആ മുറിപ്പാടുകള്‍. അതുകൊണ്ട് ലീഗുകാര്‍ ഓര്‍ക്കുക ലിന്റോയ്ക്ക് അല്‍പം വേഗത കുറഞ്ഞിട്ടുണ്ടാവാം പക്ഷെ അവന്റെ രാഷ്ട്രീയത്തില്‍ മനുഷ്യ സ്‌നേഹത്തിനും അപരനോടുള്ള പരിഗണനയ്ക്കും എന്നും ആഴം കൂടിയിട്ടേ ഉള്ളു രാഷ്ട്രീയ വൈരം മാറ്റിവച്ചാല്‍ ലിന്റോ കാണിച്ചുതന്ന ആ മനുഷ്യ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനേ കേരളത്തിന് കഴിയു.
