
തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുമ്പോഴും പ്രതിദിന ആർടിപിസിആർ പരിശോധന കൂട്ടുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. അതിവേഗം രോഗികളെ കണ്ടെത്താൻ ആന്റിജൻ പരിശോധനയാണ് നല്ലതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആരോഗ്യവകുപ്പ്. ലാബുകളുടെ ശേഷിക്കുറവും പിസിആര്‍ പരിശോധന കൂട്ടുന്നതിനുള്ള വിലങ്ങുതടിയാണ്.
ജനുവരി 27ന് വിദഗ്ധസമിതിയോഗത്തിലാണ് പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ തന്നെ 70 ശതമാനവും ആർടിപിസിആർ പരിശോധനയെന്നായിരുന്നു വാഗ്ദാനം. പക്ഷെ മൂന്ന് മാസം പിന്നിടുമ്പോഴും കൂട്ടപ്പരിശോധനയിലെ സാംപിളുകൾ ചേർത്തല്ലാതെ ഇതുവരെ പ്രതിദന പരിശോധനക 1ലക്ഷം തൊട്ടില്ല. എന്നുമാത്രവുമല്ല ഏറ്റവും കൂടുതല്‍ ചെയ്യുന്നത് സെൻസിറ്റിവിറ്റി കുറഞ്ഞ ആന്‍റിജൻ പരിശോധനയും.
ഏപ്രിൽ 17ന് ആകെ പരിശോധിച്ച 81211 സാംപിളുകളില്‍ പിസിആര്‍ പരിശോധകളുടെ എണ്ണം 35325 മാത്രം. ആന്‍റിജൻ 43142 ഉം. ഏപ്രിൽ 16ലെ കണക്കിലും , 13 , 12 തിയതികളിലെ കണക്കിലും ആന്‍റിജൻ പരിശോധനയാണ് കൂടുതല്‍. രോഗികളെ വേഗത്തില്‍ കണ്ടെത്താനും എവിടെ വച്ചും പരിശോധന നടത്താനും ആൻറിജൻ വഴി കഴിയുന്നതാണ് നേട്ടമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ആര്‍ടിപിസിആര്‍ പരിശോധനക്ക് സർക്കാര്‍ മേഖലയില്‍ 24 ലാബുകളും സ്വകാര്യ മേഖലയില്‍ 47 ലാബുകളുമുണ്ട്. ഈ ലാബുകളുടെ പരമാവധി ശേഷി ഉപയോഗിച്ചാലും അഞ്ചര മണിക്കൂര്‍ വരെ എടുക്കുന്ന പരിശോധന കൂടുതല്‍ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നാണ് വിശദീകരണം.
ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം RTPCR പരിശോധന മതിയെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. എന്നാൽ ആൻറിജനെക്കാൾ കൃത്യത കൂടുതൽ ആർടിപിസിആറിനാണെന്ന വസ്തുത മറന്നാണ് ആരോഗ്യവകുപ്പ് ആൻറിജന് നൽകുന്ന പ്രധാന്യം. ആൻറിജൻ പരിശോധനയിൽ ഫാൾസ് പൊസിറ്റീവും ഫാൾസ് നെഗറ്റീവും ആർടിപിസിആറിനെക്കാൾ കൂടുതലാണെന്ന കാര്യവും ആരോഗ്യവകുപ്പ് പരിഗണിക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam