'സംസ്ഥാനത്ത് വാക്സീനെടുക്കാത്ത 70% പേർക്കും പ്രതിരോധശേഷി കിട്ടിയത് രോഗം വന്നതിലൂടെ'; സെറോ സർവ്വേ

By Web TeamFirst Published Oct 24, 2021, 9:54 AM IST
Highlights

ഗർഭിണികളെ ഒരു ഡോസ് വാക്സിനെങ്കിലും അടിയന്തിരമായി നൽകി സുരക്ഷിതരാക്കേണ്ടതിന്റെ ആവശ്യകതയും സെറോ സമഗ്ര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ സെറോ സർവ്വേയിൽ പരിശോധിച്ച വാക്സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തൽ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തുണ്ടായ വൻതോതിലുള്ള വ്യാപനത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണിത്. ഗർഭിണികളെ ഒരു ഡോസ് വാക്സിനെങ്കിലും അടിയന്തിരമായി നൽകി സുരക്ഷിതരാക്കേണ്ടതിന്റെ ആവശ്യകതയും സെറോ സമഗ്ര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

18 വയസിന് മുകളിലുള്ള 4429 പേരെയാണ് മൊത്തം പരിശോധിച്ചത്. ഇതിൽ വാക്സിനെടുക്കാത്ത 847 പേരിൽ 593 പേർ പോസിറ്റിവായി. അതായത് വാക്സിനെടുക്കാത്തവരിൽ രോഗം വന്നുമാത്രം പ്രതിരോധം ലഭിച്ചത് 70.01 പേർക്ക് എന്ന ഞെട്ടിക്കുന്ന കണക്ക്. വാക്സിനെടുക്കാത്ത ഇത്രയും പേരിലെ സെറോ പോസിറ്റിവ് നിരക്ക് വൻ വ്യാപനത്തിന്റെ ലക്ഷണമാണ്. നിശബ്ദമായി ഇത്രയും രോഗബാധയുണ്ടായെന്ന് കണക്കാക്കിയാലും, രണ്ടാംതരംഗം ചികിത്സാ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാതിരുന്നതും ശ്രദ്ധേയമാണ്. 42.7 ശതമാനത്തിൽ നിന്ന് 70 ശതമാനം പേരിലെക്ക് വ്യാപനമെത്തിയതായി കണക്കാക്കാമെങ്കിൽ പക്ഷെ സർവ്വേ പ്രകാരം കുട്ടികളിൽ 40.02 ശതമാനമേ രോഗം വന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയം.

അതേസമയം, തീരദേശത്ത് വാക്സിനെടുക്കാത്ത 341ൽ 259 പേരും രോഗം വന്നുപോയവരാണ്. അതായത് 76.0 ശതമാനം. തീരദേശത്തുണ്ടായ ഉയർന്ന വ്യാപനം വ്യക്തം. രണ്ട് ഡോസുമെടുത്തവരിൽ 93.3 ശതമാനമാണ് സെറോ നിരക്ക്. നഗര ചേരികളിൽ വാക്സിനെടുക്കാത്ത 72.4% പേർക്കും ആന്റിബോഡി ഉണ്ട്. മുഴുവൻ വാക്സിനെടുത്തവരിൽ 91.2% പ്രതിരോധം. ആദിവാസി വിഭാഗത്തിൽ വാക്സിനെടുക്കാത്ത 67.1 ശതമാനം പേർക്കാണ് ആന്റിബോഡി. മുഴുവൻ വാക്സിനെടുത്ത 85.5 ശതമാനം പേരിലും പോസിറ്റിവ്. സർവ്വേയിൽ 58.8% ഗർഭിണികളും കോവിഡിനെതിരെ പ്രതിരോധമില്ലാത്തവരാണ്. വാക്സിനെടുക്കാത്ത 1337 പേരിൽ 49.8 ശതമാനം പേർക്ക് ആന്റിബോഡി ഉണ്ട്. ഒരു ഡോസെങ്കിലും എടുത്തവരിൽ 87.6 ശതമാനം പ്രതിരോധമാണ് ഉള്ളത്. ഒരു ഡോസെങ്കിലും എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തം.

മൊത്തം കണക്കുകൾ നോക്കിയാൽ വാക്സിൻ നൽകുന്ന പ്രതിരോധത്തിന്റെ ശുഭസൂചനയാണ് പ്രധാനഘടകം. മുഴുവൻ വാക്സിനെടുത്ത വരിൽ 89.92 ശതമാനം പേർ‍ക്ക് പ്രതിരോധശേഷിയുണ്ട്. ഒരു ഡോസെങ്കിലും എടുത്തവരിൽ 81.70 ശതമാനം. കൊവിഡ് വന്നുപോയവരിൽ 95.55 ശതമാനം പേർക്കും പ്രതിരോധ ആന്റിബോഡിയുണ്ട്. ജില്ലകളിൽ പത്തനംതിട്ടയിലാണ് ഏറ്റവുമധികം സെറോ നിരക്ക് 92.4 ശതമാനം. കുറവ് വയനാട്ടിലാണ് 70.8 ശതമാനം.

click me!