കനത്തമഴയിൽ ഇടുക്കിയിൽ പൂർണ്ണമായി തകർന്നത് 119 വീടുകൾ, സർക്കാരിൽനിന്ന് സഹായം തേടി ജില്ലാഭരണകൂടം

Published : Oct 24, 2021, 09:04 AM IST
കനത്തമഴയിൽ ഇടുക്കിയിൽ പൂർണ്ണമായി തകർന്നത് 119 വീടുകൾ, സർക്കാരിൽനിന്ന് സഹായം തേടി ജില്ലാഭരണകൂടം

Synopsis

ഒരാഴ്ച മുന്പ് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ ജീവനുകൾക്കൊപ്പം നിരവധി പേരുടെ ജീവിതസന്പാദ്യവും തകർത്തെറിഞ്ഞു. കൊക്കയാറിൽ പൂർണമായി തകർന്നത് 83 വീടുകളാണ്

ഇടുക്കി: കനത്തമഴയിൽ ഇടുക്കി ജില്ലയിൽ പൂർണമായി തകർന്നത് 119 വീടുകളാണ്. ഇതിൽ ഭൂരിഭാഗവും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കൊക്കയാറിലാണ്. ഇവിടെ വലിയൊരു പ്രദേശവും വാസയോഗ്യമല്ലാതായി. ഇവിടെയുള്ളവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും വീടുകളുടെ പുനർനിർമാണത്തിനായി 78 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും ജില്ലഭരണകൂടം അറിയിച്ചു.

ഒരാഴ്ച മുന്പ് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ ജീവനുകൾക്കൊപ്പം നിരവധി പേരുടെ ജീവിതസന്പാദ്യവും തകർത്തെറിഞ്ഞു. കൊക്കയാറിൽ പൂർണമായി തകർന്നത് 83 വീടുകളാണ്. ഭാഗികമായി തകർന്നത് ഇതിന്‍റെ ഇരട്ടിയോളം വരും. തകർന്ന വീടുകളുടെ കണക്ക് ജില്ലഭരണകൂടം ശേഖരിക്കുന്നുണ്ട്. 

സാധ്യമായ വീടുകൾ അറ്റകുറ്റപണി തീർത്ത് വാസയോഗ്യമാക്കും. ഉരുൾപൊട്ടലിൽ ഇവിടെ നല്ലൊരുശതമാനം പ്രദേശവും വാസയോഗ്യമല്ലാതായി. ഇവിടെ താമസിച്ചിരുന്നവരുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താൽ കൊക്കയാർ പഞ്ചായത്ത് അധികൃതരോട് ജില്ലഭരണകൂടം ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.

ജില്ലയിൽ മൂലമറ്റത്ത് 36 വീടുകൾ പൂർണമായി തകർന്നു. ഇവിടെയും പുനരധിവാസം വേഗത്തിലാക്കും. വീടുകൾ സജ്ജമാകുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരും. പേമാരിയിൽ കോടികളുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. കൃഷിവകുപ്പ് ഇതിന്‍റെ കണക്ക് ശേഖരിക്കുകയാണെന്നും നഷ്ടപരിഹാരം ഉടൻ നൽകുമെന്നും ജില്ലകളക്ടർ അറിയിച്ചു.

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്