കടലാക്രമണവും കൊവിഡ് വ്യാപനവും: തീരദേശമേഖലയിൽ സ്ഥിതി അതീവഗുരുതരം

By Web TeamFirst Published Jul 21, 2020, 1:18 PM IST
Highlights

 കൊവിഡ് വ്യാപനത്തിനൊപ്പം തീരദേശ ജനജീവിതം ദുസ്സഹമാക്കി കടലാക്രമണവും. 

ആലപ്പുഴ/മലപ്പുറം: കൊവിഡ് വ്യാപനത്തിനൊപ്പം തീരദേശ ജനജീവിതം ദുസ്സഹമാക്കി കടലാക്രമണവും. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളായ ചെല്ലാനത്തും, പൊന്നാനിയിലും ഉൾപ്പടെ രണ്ടാം ദിവസവും വീടുകളിലേക്ക് വെള്ളം കയറുന്നത് തുടരുകയാണ്. രോഗവ്യാപന ഭീതിയിലായ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാൻ കഴിയാത്തതും വെല്ലുവിളിയാവുകയാണ്.

തീരദേശവാസികൾക്ക് ഇത് അസാധാരണ പരീക്ഷണകാലം. വീടുകളിൽ ഇരുന്ന് കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടെ ഇരച്ചെത്തുന്ന കടലിന് മുന്നിൽ ഇവർ പകച്ച് പോവുകയാണ്. ചെല്ലാനത്ത് കടൽഭിത്തിയുള്ള ഇടങ്ങളിൽ പോലും വെള്ളം കവിഞ്ഞൊഴുകി.

കടൽഭിത്തിയില്ലാത്ത രണ്ട് കിലോമീറ്റർ പ്രദേശത്തെ 100 അധികം വീടുകൾ വെള്ളത്തിൽ മുങ്ങി.ട്രിപ്പിൽ ലോക്ഡൗണിലായ ചെല്ലാനം പഞ്ചായത്തിൽ 230 രോഗികളാണ് ഉള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പലർക്കും കൊവിഡ് നിയന്ത്രണങ്ങളും പാലിക്കാനാകുന്നില്ല. കൊവിഡ് ഇതര രോഗികൾക്കുള്ള ടെലിമെഡിസിൻ സൗകര്യങ്ങളിൽ പോരായ്മയുണ്ട്. കൊവിഡ് പരിശോധനകളുടെ എണ്ണവും കുറഞ്ഞതായി പ്രദേശവാസികൾ പറയുന്നു. സന്നദ്ധപ്രവർത്തകർ ഭക്ഷണം എത്തിച്ച് നൽകുന്നതാണ് ഏക ആശ്രയം.

ചെല്ലാനത്തിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ,  തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമാണ്. കണ്ടൻ മെൻറ് സോണുകൾ ആയതിനാൽ ആളുകൾക്ക് മറ്റിടങ്ങളിലേക്ക് നീങ്ങാനും കഴിയുന്നില്ല. മലപ്പുറത്തെ കൊവിഡ് ക്ലസ്റ്ററായ പൊന്നിയിലും സ്ഥിതി വ്യത്യസ്തമല്ല.

ചെല്ലാനത്തും,പൊന്നിനിയിലും ദുരിതാശ്വാസ ക്യാംപുകൾ ജില്ല ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും ഇവിടേക്ക് മാറാൻ തീരദേശവാസികൾ തയ്യാറല്ല. കടലും,കൊവിഡും പിന്മാറാത്ത സാഹചര്യത്തിൽ അധികൃതരുടെ കൂടുതൽ ഇടപെടലാണ് തീരമേഖലയിൽ ആവശ്യം.
 

click me!