
കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ ദില്ലിയിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി എറണാകുളത്തുമുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുകയാണ് എറണാകുളം ജില്ല. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ നാലയിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദില്ലിക്ക് സമാനമായി കുതിച്ചുയരുന്നുണ്ട്. ജനസംഖ്യാനുപതത്തിൽ എറണാകുളത്തിനേക്കാളും കുറവാണ് ദില്ലിയിലെയും മുംബൈയിലെയും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാല് ദിവസത്തിനുള്ളിൽ മാത്രം 16,136 പേർക്കാണ് കൊവിഡ് പിടികൂടിയത്.
എറണാകുളത്തെ കൊവിഡ് കെയർ സെന്‍ററുകൾ ഇതിനോടകം നിറഞ്ഞു കവിഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിൽ കൊവിഡ് ഐസിയു കിടക്കകളുടെ ക്ഷാമവും വെല്ലുവിളിയാകുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഐസിയു കിടക്ക ലഭിക്കുന്നതിന് മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.
ആലുവ ജില്ല ആശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമാക്കിയെങ്കിലും പൂർണതോതിലെത്തിയിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ഓക്സിജൻ സൗകര്യം ലഭ്യമാക്കാനാകുന്ന കൊവിഡ് ചികിത്സ കേന്ദ്രങ്ങളും എറണാകുളത്തില്ല. ഗുരുതര സാഹചര്യം മുന്നിൽ കണ്ട് ജില്ലയിൽ കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam