'കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ ആൾമാറാട്ടം നടത്തി കൊവിഡ് ടെസ്റ്റ് നടത്തി', പരാതിയുമായി പഞ്ചായത്ത് പ്രസിഡൻ്റ്

By Web TeamFirst Published Sep 23, 2020, 10:10 PM IST
Highlights

അബിയെന്ന വ്യാജ പേരിൽ, കെഎസ്‍യു സംസ്ഥാന സെക്രട്ടറിയുടെ വിലാസത്തിൽ കെ എം അഭിജിത്തിനെ എത്തിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി ആൾമാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിന്റെ പരാതി. കെ എം അബിയെന്ന പേരിലാണ് പരിശോധന നടത്തിയതെന്നും മറ്റൊരു കെഎസ്‍യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു ഇതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം പരിശോധന നടത്തിയത് സമ്മതിച്ച അഭിജിത്, പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലുള്ള വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് വിശദീകരിക്കുന്നത്. 

48 പേരെ പരിശോധിച്ചതിൽ 19 പേർക്കാണ് പോത്തൻകോട് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി.  കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരിൽ എത്തിച്ചതാണ് ഇതെന്നും കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവം വിവാദമായതോടെ പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലെ വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് കെ എം അഭിജിത് വിശദീകരിക്കുന്നത്.  

എന്നാൽ പേര് തെറ്റായി നൽകിയതിൽ തൃപ്തികരമായ വിശദീകരണമില്ല. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയോ മറ്റോ അഭിജിത് അറിയിച്ചതുമില്ല. കെ എം അഭിജിതിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു. സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി തന്നെ രൂക്ഷമായ വിമർശനം നടത്തുകയും സമരക്കാരിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കൊവിഡ് പരിശോധനയിൽ ആൾമാറാട്ടമെന്ന ആരോപണവും വിവാദവും ഉയരുന്നത്. 

click me!