'ജലീൽ ഒളിച്ച് പോയത് നാണക്കേട്, മുഖ്യമന്ത്രിയുടെ ശൈലി പ്രശ്നം', സിപിഐ യോഗത്തിൽ വിമർശനം

By Web TeamFirst Published Sep 23, 2020, 9:49 PM IST
Highlights

സിപിഐ യോഗത്തിൽ പ്രകടമായി മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നത് ഭരണകക്ഷിക്കകത്ത് തന്നെ അതൃപ്തിയുണ്ടെന്നതിന്‍റെ വ്യക്തമായ സൂചനയാവുകയാണ്. ജലീൽ മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു.

തിരുവനന്തപുരം: വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന രീതി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുവെന്ന് സിപിഐ നിർവാഹകസമിതിയിൽ വിമർശനം. മന്ത്രി കെ ടി ജലീൽ ഒളിച്ച് പുലർച്ചെ എൻഐഎ ഓഫീസിലെത്തിയത് നാണക്കേടായെന്നും, മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു. എല്ലാ വിവാദങ്ങളെയും മറികടക്കുമെന്നായിരുന്നു യോഗത്തിൽ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയായി പറഞ്ഞത്.

സിപിഐ യോഗത്തിൽ പ്രകടമായി മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നത് ഭരണകക്ഷിക്കകത്ത് തന്നെ അതൃപ്തിയുണ്ടെന്നതിന്‍റെ വ്യക്തമായ സൂചനയാവുകയാണ്. വാർത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി നൽകുന്ന ശൈലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് ഉയർത്തുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രി നടത്തുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി. 

മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. മന്ത്രി എന്ന നിലയിൽ ഒരു പക്വതയും കെ ടി ജലീൽ കാട്ടിയില്ലെന്ന് യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പുലർച്ചെ തന്നെ സ്വകാര്യ വാഹനത്തിൽ ഒളിച്ച് പോയ ജലീലിന്‍റെ നടപടി സർക്കാരിന് നാണക്കേടാണ് വരുത്തി വച്ചത്. ഇതിന് മുമ്പേ, 'ഈച്ച പാറിയാൽ അറിയുമെന്ന ചിലരുടെ ധാർഷ്ട്യത്തിന് മുഖത്തേറ്റ അടിയെന്ന' നിലയിൽ മറുപടി പറഞ്ഞതും മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു. 

click me!