രാജീവ് ഗാന്ധി സെന്‍ററില്‍ വീണ്ടും പരിശോധന; ആദ്യമെടുത്ത സാമ്പിൾ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്

By Web TeamFirst Published May 2, 2020, 10:41 AM IST
Highlights

ഇത്തവണ സംസ്ഥാനം നൽകിയ കിറ്റിലായിരുന്നു പരിശോധനയെന്ന് ആര്‍ജിസിബി വ്യക്തമാക്കി. ഇതിനിടെ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചു. 

കൊല്ലം: തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. ഇവിടെ നിന്ന് ആദ്യം നല്‍കിയ ഫലം അനുസരിച്ച് രണ്ടുപേരും പോസിറ്റീവ് ആയിരുന്നു. ഇത്തവണ സംസ്ഥാനം നൽകിയ കിറ്റിലായിരുന്നു പരിശോധനയെന്ന് ആര്‍ജിസിബി വ്യക്തമാക്കി. ഇതിനിടെ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താൻ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചു. 

പരിശോധന ഫലം സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതോടെ ബുധനാഴ്ച കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയവരുടെ ആദ്യമെടുത്ത സ്രവ സാമ്പിൾ ഇന്നലെ രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കിറ്റിലായിരുന്നു പരിശോധന. ഇതില്‍ ഫലം നെഗറ്റീവായിരുന്നു. ആദ്യ പരിശോധന ഐസിഎംആര്‍ നല്‍കിയ ഉപകരണത്തില്‍ ആയിരുന്നുവെന്നും അതില്‍ പോസിറ്റീവെന്ന് കാണിച്ചെന്നുമാണ് ആര്‍ജിസിബി അധികൃതരുടെ വിശദീകരണം. അതേസമയം നെഗറ്റീവ് ആയ ആളുടെ ഫലം പോസിറ്റീവ് ആകുന്ന ഫാൾസ് പോസിറ്റീവ് വളരെ അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ പരിശോധന ഫലം രണ്ടുേപരും ചികിത്സയിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചു. രണ്ടുപേരുമെത്തിയ ബുധനാഴ്ച തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെയ്ത പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. സംശയങ്ങളുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടെ നിന്ന് കിട്ടുന്ന ഫലത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും ഡിസ്ചാര്‍ജ് അടക്കം തുടര്‍ നടപടികളെടുക്കുക.

click me!