പാലായിൽ കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥിയാകാൻ സാധ്യതയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ ആവശ്യപ്പെടുമെന്നും യുഡിഎഫിലേക്ക് മടക്കമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കോട്ടയം: പാലായിൽ ജോസ് കെ. മാണി തന്നെ സ്ഥാനാർഥി ആകാൻ സാധ്യത. പാർട്ടി ചെയർമാൻ മത്സരിക്കണം എന്ന് സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. പേരാമ്പ്രയിൽ സീറ്റ് കേരള കോൺഗ്രസ് എം ആവശ്യപ്പെടും. എറണാകുളത്ത് പിറവത്തിന് പകരം മൂവാറ്റുപുഴ ആവശ്യപ്പെടും. ചില സീറ്റുകൾ വെച്ചുമാറാനും ആലോചന. കഴിഞ്ഞ ആഴ്ച്ചയാണ് കേരള കോൺഗ്രസ് എം മുന്നണി മാറി കോൺഗ്രസിനൊപ്പം ചേർന്നേക്കുമെന്ന തരത്തിൽ പ്രചരണങ്ങളുണ്ടായത്. ഇതെത്തുടർന്ന് റോഷി അഗസ്റ്റിനും ജോസ് കെ മാണിയും ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.
കേരള കോൺഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് പിണറായി വിജയനെന്നും ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥ ജോസ് കെ മാണിയായിരിക്കും നയിക്കുക. ചില വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ എതിർപ്പ് ഉയർത്തി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ വേറിട്ട നിലപാട് എടുത്തു. കഴിഞ്ഞ 5 വർഷക്കാലം കേരള കോൺഗ്രസിന് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പാർട്ടി നിരവധി ജനകീയ കാര്യങ്ങൾ ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെട്ടത് കേരള കോൺഗ്രസാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കൂടാതെ വന്യ മൃഗശല്യത്തിൽ പരിഹാരം വേണം എന്ന് ആവശ്യപ്പട്ടതും കേരള കോൺഗ്രസാണ്. ഭിന്നശേഷി അധ്യാപക നിയമനത്തിൽ ഇടപെടാൻ പാർട്ടിക്ക് കഴിഞ്ഞു. മുനമ്പം പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് കേരള കോൺഗ്രസ് എം ആണ്.


