സംസ്ഥാനത്ത് ലോക്ഡൗൺ ഇല്ല; കൊവിഡ് പരിശോധന കൂട്ടും, രണ്ടുദിവസത്തില്‍ രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന

By Web TeamFirst Published Apr 15, 2021, 6:12 PM IST
Highlights

സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. രണ്ട് ദിവസത്തില്‍ രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. വിവാഹമടക്കം ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണമെന്നും ചീഫ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. 45 വയസ്സിന് താഴെയുള്ളവരെ, നാളെയും മറ്റന്നാളും കൂട്ടത്തോടെ പരിശോധിക്കും. വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. ഉത്സവങ്ങളടക്കം പൊതു പരിപാടികളിൽ പരമാവധി 150 പേർക്കാണ് പ്രവേശനം. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം. പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ, ജില്ലാ ഭരണകൂടത്തെ മുൻ‌കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്‌ഥ ബാധകമാണ്. ഒരു കോടി ഡോസ് വാക്സീൻ കൂടി സംസ്ഥാനത്തിന് വേണമെന്നും ചീഫ് സെക്രട്ടറി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കിട്ടും. 7,25,300 ഡോസ് വാക്സീൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനം. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും മറുപടി പറഞ്ഞില്ല.

click me!