ആരോഗ്യവകുപ്പിന് വെല്ലുവിളിയായി സ്വകാര്യ ലാബുകളിലെ പരിശോധന; യഥാസമയം വിവരം കൈമാറുന്നില്ല

By Web TeamFirst Published Jul 12, 2020, 7:49 AM IST
Highlights

കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യ വകുപ്പ് അറിയുന്നത്. ഇത് സമ്പര്‍ക്കപ്പട്ടിക നീളാന്‍ ഇടയാകുന്നു.

കോഴിക്കോട്: സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച. കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യ വകുപ്പ് അറിയുന്നത്. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക നീളാന്‍ ഇത് കാരണമായതായി ആശങ്കയുണ്ട്.

കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും വ്യാഴാഴ്ചയാണ് അരയിടത്ത്പാലത്തെ സ്വകാര്യ ലാബില്‍ നടത്തിയ ട്രൂനാറ്റ് ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച ശേഷം രുചിയും മണവും തിരിച്ചറിയാനാവാതെ വന്നതിനെത്തു‍ടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് വ്യാപാരി പറഞ്ഞു. മെഡിക്കല്‍ കോളേജിലെ സുഹൃത്തായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്വകാര്യ ലാബിലായിരുന്നു കൊവിഡ് പരിശോധന. പരിശോധനയില്‍ വ്യാപാരിക്കും മകള്‍ക്കും മകളുടെ ഭര്‍ത്താവിനും ഇളയ മകനും രണ്ട് കൊച്ചുമക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം യഥാസമയം അറിയാഞ്ഞതിനാല്‍ ഇവരുമായി സമ്പര്‍ക്കമുളളവരെ യഥാസമയം നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞില്ല. 

സ്വകാര്യ ലാബിലെ ഫലം വന്ന ശേഷവും വ്യാപാരിയുടെ മകള്‍ വസ്ത്രശാലയില്‍ എത്തിയിരുന്നതായി സംശയമുണ്ട്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട്ട് ഏഴ് സ്വാകാര്യ ലാബുകള്‍ക്കാണ് കൊവിഡ് പരിശോധന നടത്താന്‍ അനുമതി കിട്ടിയിട്ടുളളത്. പരിശോധനയ്ക്കെത്തുന്നവരുടെ വിശദവിവരങ്ങള്‍ ഉടനടി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് ആരും തന്നെ പാലിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ രോഗസാധ്യതയുളളവരെ നിരീക്ഷിക്കാനും കഴിയുന്നില്ല. സമ്പര്‍ക്ക രോഗികള്‍ പെരുകുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകളിലെ പരിശോധന ആരോഗ്യ വകുപ്പിന് മുന്നില്‍ പുതിയ വെല്ലുവിളിയാകുന്നു എന്ന് ചുരുക്കം.

click me!