
പത്തനംതിട്ട: രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഏറ്റവും അധികം ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയിൽ റാപ്പിഡ് ആന്റീജൻ പരിശോധന ഇന്നും തുടരും. വയോധികർക്ക് ഏർപ്പെടുത്തിയ റിവേഴ്സ് ക്വാറന്റീനും കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കുലശേഖരപതി. ഇവിടെ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുന്നു. ഔദ്യോഗികമായി സൂപ്പർ സ്പ്രെട് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരാളിൽ നിന്ന് ഇരുപത്തി മൂന്ന് പേരിലേക്ക് രോഗം പകരുന്നത് ഇതിന്റെ സൂചന തന്നെയാണ്. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജൻ പരിശോധയിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ ഫലം പോസീറ്റിവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി നിലവിൽ കണ്ടെയ്മെന്റ്സോണായ നഗര സഭയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടു വരും. വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരിൽ പൊതു പ്രവർത്തകരുടെ എണ്ണവും കൂടുന്നു. ഇന്നലെ രോഗം ബാധിച്ച ഒരാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാണ്. അതേസമയം രോഗം ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും കൂടുന്നതോടെ ജില്ലയിലെ വയോധികർക്കും മറ്റ് രോഗികൾ ഉള്ളവർക്കും കൂടുതൽ കരുതൽ നൽകും. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 187 511 വയോധികരാണ് ജില്ലയിലുള്ളത്. ഇവരെ വീടുകളിൽ പ്രത്യേക മുറിയിൽ താമസിപ്പിച്ച് പരാമവധി മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam