കോഴിക്കോട് മത്സ്യക്കച്ചവടക്കാരന് കൊവിഡ്; തലശ്ശേരി മാര്‍ക്കറ്റില്‍ നിന്നെന്ന് സംശയം, നിരവധിപേരുമായി സമ്പർക്കം

By Web TeamFirst Published May 28, 2020, 5:50 PM IST
Highlights

ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചവരില്‍ മത്സക്കച്ചവടക്കാരനും. കോഴിക്കോട് തൂണേരി പഞ്ചായത്തിൽ മൽസ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. 

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചവരില്‍ മത്സക്കച്ചവടക്കാരനും. കോഴിക്കോട് തൂണേരി പഞ്ചായത്തിൽ മൽസ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ധർമടത്ത് കൊവിഡ് ബാധിച്ച് ഈയിടെ മരിച്ച ആസിയയുടെ മക്കളുമായി ഇയാൾക്ക് സമ്പർക്കം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇദ്ദേഹത്തിന് നിരവധിപേരുമായി സമ്പർക്കമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ വിവരങ്ങള്‍ പ്രകാരം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് തലശേരി മാർക്കറ്റിൽ  നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം.

ആസിയയുടെ ഭര്‍ത്താവ് കൊവിഡ് ബാധിതനായിരുന്നുവെന്നും ഇദ്ദേഹത്തില്‍നിന്ന് ആസിയയിലേക്ക് രോഗം പകര്‍ന്നതാകാം എന്നുമാണ് വിലയിരുത്തല്‍. മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ആസിയയുടെ ഭര്‍ത്താവിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാരില്‍ നിന്നോ തൊഴിലാളികളില്‍ നിന്നോ മറ്റോ ഉള്ള സമ്പര്‍ക്കത്തിലൂടെയാകാം രോഗം പകര്‍ന്നതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. 

ധര്‍മടത്തെ കേസില്‍  ലക്ഷണങ്ങള്‍ ആദ്യം പ്രകടമായത് ആസിയയിലായിരുന്നു. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചത്.  തുടര്‍ന്ന് രണ്ടുമക്കള്‍ക്കും ഒരു കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ആസിയയുടെ കുടുംബത്തില്‍  ഇതുവരെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു മരിച്ചത്. 25നായിരുന്നു മരണം. രണ്ടുദിവസം ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന ശേഷം ആസിയക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.  പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയ. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആസിയയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം. പിന്നീട് ഈ മാസം 17 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആസിയയെ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്കിടെ ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

click me!