
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍ ഈ മാസം 26 ന് റിമാന്‍ഡിലായവരാണ് പ്രതികള്‍. രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഈമാസം 22 ന് റിമാൻഡ് ചെയ്ത ഒരു പ്രതിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 30 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അറസ്റ്റിലാകുന്ന പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിർദ്ദശം നല്‍കിയിട്ടുണ്ട്. പകരം വീഡിയോ കോളിലൂടെ ഹാജരാക്കിയാൽ മതി. വീഡിയോ കോൾ വഴി ഹാജരാക്കുന്നതിന് കംമ്പ്യൂട്ടറോ ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിക്കാം. ആദ്യ തവണ ഹാജരാക്കുന്ന പ്രതിയാണെങ്കിൽ പോലും വീഡിയോ കോളിലൂടെ നടപടികൾ പൂർത്തിയാക്കിയാൽ മതി.
കോടതികളിൽ ഹാജരാക്കുന്ന പ്രതികളിൽ പലരും പിന്നീട് കൊവിഡ് പൊസിറ്റീവാകുകയും മജിസ്ട്രേറ്റുമാർ അടക്കമുള്ളവർ ക്വാറന്‍റീലാകേണ്ടി വരികയും ചെയ്ത സാഹചര്യം വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. സംസ്ഥാന പൊലീസ് ചീഫിനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന പൊലീസുകർക്ക് ഈ നിർദ്ദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്കാണ് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. കേരളത്തിൽ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാൻ തന്നെയാണ് സർക്കാർ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam