
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവർത്തകർക്കാണ് അനുമതി. സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ ബോർഡും നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.
ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ രേഖാമൂലം ആവശ്യപ്പെട്ടാൽ അവർക്ക് വീടുകളിൽ നിരീക്ഷണം നൽകാം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിക്കോ നോഡൽ ഓഫീസർക്കോ അപേക്ഷ നൽകാം.വീട്ടിൽ ഉള്ളവരുമായി ഒരു വിധത്തിലും ഉള്ള സമ്പർക്കം വരാതെ
മുറിയിൽ തന്നെ കഴിയുമെന്ന് ഉറപ്പും നൽകണം.ഇവർ എല്ലാ ദിവസവും സ്വയം ആരോഗ്യ സ്ഥിതി വിലയിരുതണം.
എന്തെങ്കിലും പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉണ്ടായാൽ വിദഗ്ധ ചികിത്സ തേടണം. ആരോഗ്യവാനായ ഒരാൾ രോഗിയുടെ കാര്യങ്ങൾ നോക്കാൻ ഉണ്ടാകണമെന്നും നിർദേശം ഉണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ഉദേശിക്കുന്നിടത്ത് 60 വയസുകഴിഞ്ഞ ആളുകളോ ഗുരുതര രോഗം ബാധിച്ച മറ്റുള്ളവരോ ഉണ്ടാകരുത്. രോഗം സ്ഥിരീകരിച്ച ശേഷം 10ാം ദിവസം ആന്റിജൻ പരിശോധന നടത്തണം. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു . ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും നേരത്തെ ശുപാർശ നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വീടുകളിൽ നിരീക്ഷണ സൗകര്യം നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam