'പുതുയുഗ യാത്ര'യിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സതീശൻ. സംസ്ഥാനം ഭീമമായ കടക്കെണിയിലാണെന്നും മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കുമെന്നും സതീശൻ പറഞ്ഞു

കണ്ണൂർ: 'പുതുയുഗ യാത്ര'യിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത കേരള ജനതയുടെ തലയിൽ കെട്ടിവെച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് സതീശൻ പരിഹസിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും സതീശൻ കുറ്റപ്പെടുത്തി. തിരുവല്ലയിലെ നടുക്കുന്ന ബലാത്സംഗം ചൂണ്ടിക്കാട്ടി, 'മിസ്റ്റർ പിണറായി വിജയൻ, കേരളം പഴയ ബീഹാറായി മാറുകയാണോ' എന്നും സതീശൻ ചോദിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ഇതിനിടെ മുസ്ലീം ലീഗിനെയും സതീശൻ പ്രകീർത്തിച്ചു. മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസ്സിലാകുമെന്നും ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡി എഫിനെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിലെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Add Asianetnews as a Preferred SourcegooglePreferred

രക്തസാക്ഷികളെ കിട്ടുന്നത് ലോട്ടറി

ക്രിമിനൽ കേസ് പ്രതികൾക്ക് ജയിലുകളിൽ ഉൾപ്പെടെ സുഖവാസമൊരുക്കുന്ന നയമാണ് സർക്കാരിന്റേതെന്നും വി ഡി സതീശൻ ആരോപിച്ചു. സി പി എമ്മിനെ സംബന്ധിച്ച് രക്തസാക്ഷികളെ കിട്ടുന്നത് ലോട്ടറി അടിച്ചതിന് തുല്യമാണെന്നും, അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും പേരിലുണ്ടാക്കിയ രക്തസാക്ഷി ഫണ്ടുകൾ പോലും നേതാക്കൾ അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സ്വന്തം പാർട്ടി കുടുംബങ്ങൾ പോലും ഇന്ന് സി പി എമ്മിനെ വെറുക്കുകയാണെന്നും വിഷ്ണുവിന്റെ കുടുംബം കോൺഗ്രസിനൊപ്പം ചേർന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ ദുർഭരണത്തിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

സതീശൻ - ഗോവിന്ദൻ പോര്

അതിനിടെ ജമാഅത്ത് ഇസ്ലാമിയെ ചൊല്ലി വീണ്ടും സതീശൻ - ഗോവിന്ദൻ പോര് രൂക്ഷമായി. സതീശൻ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുക ആണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. 42 വർഷം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിയ സി പി എമ്മിന് ഇപ്പോൾ മറവി രോഗമാണെന്ന് സതീശൻ തിരിച്ചടിച്ചു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികൾ അല്ല എന്ന സതീശന്റെ പ്രസ്താവനയിൽ പിടിച്ചാണ് എം വി ഗോവിന്ദൻ ആദ്യം രൂക്ഷ വിമർശനം നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുമായി ഉള്ള ബന്ധത്തിനു പൊതുസമ്മിതി ഉണ്ടാക്കാൻ യു ഡി എഫ് ശ്രമിക്കുന്നതിനിടെ മുന്നറിയിപ്പുമായി സമസ്ത രംഗത്ത് വന്നു. കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുള്ള പ്രമേയം നേതൃത്വത്തിന്റെ നിർദേശപ്രകാരം അവതരിപ്പിച്ചു. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണ്. മൗദുദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു. പാൻ ഇസ്ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രത വേണം. ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും ഇ കെ സുന്നി വിഭാഗത്തിന്റെ പണ്ഡിത സംഘടന ആവശ്യപ്പെട്ടു. യു ഡി എഫ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ചേർന്ന് പ്രചാരണം നടത്താനിരിക്കെയാണ് ഇ കെ സുന്നികളുടെ മുന്നറിയിപ്പ്. എൽ ഡി എഫ് ആവർത്തിച്ച് പറയുന്ന കാര്യങ്ങൾക്ക് പരോക്ഷമായ പിന്തുണ കൂടിയാണ് ഈ പ്രമേയം.