സംസ്ഥാനത്ത് ഇന്നും 35000 കടന്ന് കൊവിഡ് രോഗികൾ; 8 ജില്ലകളിൽ 2000 കടന്നു, മരണം 48, ടിപിആർ 24.3

Published : May 01, 2021, 05:35 PM ISTUpdated : May 01, 2021, 07:07 PM IST
സംസ്ഥാനത്ത് ഇന്നും 35000 കടന്ന് കൊവിഡ് രോഗികൾ; 8 ജില്ലകളിൽ 2000 കടന്നു, മരണം 48, ടിപിആർ 24.3

Synopsis

‌തുടർച്ചയായ അഞ്ചാം ദിവസവും 30000ൽ അധികം രോഗികൾ. 1,40000 ൽ അധികം പരിശോധന നടത്തിയിട്ടും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ. 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 117 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 5413, എറണാകുളം 4950, തൃശൂര്‍ 4044, മലപ്പുറം 3173, തിരുവനന്തപുരം 2911, ആലപ്പുഴ 2520, കോട്ടയം 2336, പാലക്കാട് 1168, കൊല്ലം 1643, കണ്ണൂര്‍ 1320, പത്തനംതിട്ട 1009, കാസര്‍ഗോഡ് 975, ഇടുക്കി 952, വയനാട് 782 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തൃശൂര്‍ 11, കാസര്‍ഗോഡ് 10, തിരുവനന്തപുരം 9, പാലക്കാട് 8, വയനാട് 4, കൊല്ലം, ഇടുക്കി 3 വീതം, കോട്ടയം 2, എറണാകുളം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1719, കൊല്ലം 925, പത്തനംതിട്ട 436, ആലപ്പുഴ 326, കോട്ടയം 1903, ഇടുക്കി 307, എറണാകുളം 1987, തൃശൂര്‍ 1467, പാലക്കാട് 830, മലപ്പുറം 1622, കോഴിക്കോട് 2295, വയനാട് 328, കണ്ണൂര്‍ 1255, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,77,294 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,87,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,62,517 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4675 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 36 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 663 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇന്ന് മെയ് ദിനമാണ്. കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. ഒരു വര്‍ഷത്തിലേറെയായി വിശ്രമമില്ലാതെ അധ്വാനിക്കുകയാണ്. പുതിയ വ്യാപനം തൊഴിൽ സമ്മര്‍ദ്ദം ഉയര്‍ത്തി. സമൂഹത്തിന്റെ ഐക്യവും പിന്തുണയും അവര്‍ അര്‍ഹിക്കുന്നു. അവരുടെ മനോവീര്യം കാക്കേണ്ടത് അനിവാര്യമാണ്. ചെറിയ പിഴവുകൾക്കോ ബുദ്ധിമുട്ടുകള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറരുത്. ഒരു ദിവസം അഞ്ച് ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ നിറവേറ്റുന്നത്. അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം.

ഒരു ദിവസം നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ. കേരളത്തിൽ നിലവിൽ മൂന്ന് ലക്ഷത്തിലേറെ ആക്ടീവ് കേസുകളുണ്ട്. ഇന്നലെ എറണാകുളത്ത് മാത്രം അരലക്ഷം പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോടും മലപ്പുറത്തും സമാനമായ സ്ഥിതിയാണ്. ഒരു ജില്ലയിൽ മാത്രം അൻപതിനായിരം കേസ് കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തെ നേരിടാൻ ആവശ്യമായ സജ്ജീകരണം നാം ഒരുക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ പ്രധാനമാണ്. :- മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് നിരക്ക് കുറച്ചത്തിലുറച്ച് മുഖ്യമന്ത്രി

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി പുതുക്കി. ചില ലാബുകള്‍ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചിലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിലുള്ളത്. പരാതികളുണ്ടെങ്കിൽ ചര്‍ച്ച ചെയ്യാവുന്നതാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ എടുക്കരുത്. ലാബുണ്ടാവുക, സൗകര്യമുണ്ടാവുക എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല. നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്.

ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ചെറിയൊരു ന്യൂനപക്ഷം സഹകരിക്കാത്തവര്‍, സഹകരിക്കണം. സര്‍ക്കാരിന്റെ ആഗ്രഹം അതാണ്. ടെസ്റ്റ് നടത്താൻ വിമുഖത കാണിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതൊരു അസാധാരണ സാഹചര്യമാണ്. ഈ സാഹചര്യം എല്ലാവരും ഉൾക്കൊള്ളേണ്ട, ലാഭമുണ്ടാക്കാനുള്ള സ്ഥിതിയല്ല എന്നതാണ്. സര്‍ക്കാര്‍ നിരക്കിൽ ടെസ്റ്റ് ചെയ്യണം. വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.

വാക്സീനേഷൻ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാകരുത്. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും. സമയത്തിന് മാത്രമേ വാക്സീനേഷൻ കേന്ദ്രത്തിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആര്‍ക്കും വേണ്ട. 18-45 പ്രായക്കാര്‍ക്കുള്ള വാക്സീൻ കുറച്ച് കൂടി വൈകും. വാക്സീൻ നാളെ മുതൽ കിട്ടില്ല. വാക്സീന് വേണ്ടി ചര്‍ച്ച പുരോഗമിക്കുകയാണ്.

ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള 93 കോടി ആളുകൾക്ക് വാക്സീൻ നൽകേണ്ടി വരും. 45 വയസിന് മുകളിൽ 30 കോടി പേരാണ് ഉള്ളത്. ഇതുവരെ കേന്ദ്രം വാക്സീൻ ലഭ്യമാക്കിയത് 12.8 കോടി പേര്‍ക്കാണ്. കേരളത്തിന് ആവശ്യമായ വാക്സീൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നൽകിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാൽ 74 ലക്ഷം നൽകി. ഇത് ഏപ്രിൽ 30 നുള്ളിൽ തീ‍ര്‍ക്കാൻ ലക്ഷ്യമിട്ടതിന്റെ പാതി പോലുമായിട്ടില്ല. കേന്ദ്രം ഗൗരവത്തോടെ അപേക്ഷ പരിഗണിക്കണം.

വാല്‍വ് മാസ്ക് വേണ്ട

മാസ്ക് ധരിക്കണമെന്ന സുരക്ഷ എല്ലാവരും സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ ബോധവത്കരിക്കാൻ മറ്റുള്ളവര്‍ തയ്യാറാകണം. വാല്‍വ് ഘടിപ്പിച്ച മാസ്കുകൾ ഒഴിവാക്കണം. എൻ95 അല്ലെങ്കിൽ സര്‍ജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ധരിക്കണം. ഓക്സിജൻ വീട്ടിൽ ഉൽപ്പാദിപ്പിക്കാമെന്ന പ്രചാരണം അടിസ്ഥാന രഹിതവും അപകടം വിളിച്ചുവരുത്തുന്നതുമാണ്. ഇത്തരം അശാസ്ത്രീയ വാര്‍ത്തകൾ പ്രചരിപ്പിക്കരുത് കുടുങ്ങരുത്.

കൂടുതല്‍ കിടക്കകൾ ഒരുക്കും

50 ശതമാനം കിടക്കകൾ കൊവിഡിന് മാറ്റിവെക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. പരമാവധി ആശുപത്രികളെ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കി. 150 ആശുപത്രികള്‍ ഇപ്പോൾ പദ്ധതിയുടെ ഭാഗമാണ്. 100 ആയിരുന്നു ഒരാഴ്ച മുൻപ്. കൂടുതൽ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാകണം. സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലാണ് ഇപ്പോൾ കാസ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 80 കോടിയുടെ ചികിത്സ ഇതിനകം നടത്തി. ആശുപത്രികള്‍ ആശങ്കയില്ലാതെ മുന്നോട്ട് വന്ന് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതൽ പേരിലെത്തിക്കാൻ മുൻകൈയെടുക്കണം.

ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം തടയാൻ വീട്ടമ്മമാരുടെ സേവനം ഉപയോഗിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമ പ്രദേശം സന്ദര്‍ശിച്ച് വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും ബോധവത്കരണം നൽകും. നിയമലംഘകരെ കണ്ടെത്തി പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെടും. എത്ര വലിയ ആരാധനാലയത്തിലും പരമാവധി 50 പേര്‍ക്കാണ് പ്രവേശന അനുമതി. ചെറിയവയിൽ 50 ൽ താഴെയായി പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കാതെ വിശ്വാസികൾ കടക്കുന്നില്ലെന്ന് എസ്എച്ച്ഒമാര്‍ ഉറപ്പാക്കണം.

ഗുജറാത്തിലെ ബറൂച്ചിലെ പട്ടേൽ വെൽഫെയര്‍ ആശുപത്രിയിൽ തീപിടിച്ച് 18 പേരാണ് മരിച്ചത്. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടിൽ ഉണ്ടാകരുത്. ഓക്സിജൻ കൂടിയ അളവിൽ ശേഖരിച്ച് സൂക്ഷിക്കുന്ന ഈ സാഹചര്യത്തിൽ ആശുപത്രികളിലെ ഫയര്‍ ആന്‍റ് സേഫ്റ്റി കൃത്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. 

നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതും.

സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകള്‍ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.

ഫലപ്രഖ്യാപനം വരുമ്പോൾ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതിൽ പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിന്‍റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകടനത്തിൽ നിന്ന് മാറിനിൽക്കണം. നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാര്‍ത്ഥികൾ പോകുന്ന പതിവ് ഇത്തവണ തുടരരുത്.

കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാം. ഇപ്പോൾ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താൻ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്‍റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതിൽ നിന്ന് മാറിനിൽക്കണം. കൊവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.

കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടൽ മാധ്യമങ്ങള്‍ കഴിവതും ഒഴിവാക്കണം. 24 മണിക്കൂറിനിടെ  സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 21733 പേര്‍ക്കെതിരെ കേസെടുത്തു. അകലം പാലിക്കാത്ത 11210 പേര്‍ക്കെതിരെയും കേസെടുത്തു. പിഴയായി 6548750 രൂപ ഈടാക്കി. കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ആവശ്യമായ വാക്സീൻ കിട്ടേണ്ടതുണ്ട്. അക്കാര്യത്തിൽ എന്തോ വിഷമസ്ഥിതി ഇപ്പോഴുണ്ട്. വാക്സീൻ രാജ്യത്തുൽപ്പാദിപ്പിക്കുന്നുണ്ട്. അത് മുഴുവനായി സമാഹരിച്ച് നൽകാൻ കേന്ദ്രം ശ്രമിക്കണം. അതാണ് സുപ്രീം കോടതി നിര്‍ദ്ദേശവും. അതിലേക്ക് കേന്ദ്രം ഉടനെ നീങ്ങണം. ഇപ്പോഴത്തെ വിഷമം ആ നിലയിൽ പരിഹരിക്കാനാവും.

വാക്സീൻ വാങ്ങുന്നതിൽ ആലോചന സര്‍ക്കാര്‍ തുടങ്ങി. പ്രായോഗിക സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. സാങ്കേതിക കാര്യങ്ങളുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇനിയും വര്‍ധിച്ചേക്കും. വര്‍ധിച്ചാൽ സ്വീകരിക്കേണ്ട കരുതൽ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ, വെന്‍റിലേറ്റര്‍, ഐസിയു എല്ലാം ഒരുക്കും. അതാകെ വിളിച്ചുപറയേണ്ടതില്ല. എല്ലാ ഒരുക്കവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ പരിഭ്രാന്തി വേണ്ട.

കൊവിഡ് പോസിറ്റീവായെന്ന് മനസിലാക്കിയാൽ ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ മറ്റുള്ളവരോട് ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ ചെയ്യുന്നത് കുറ്റകരമാണ്. സര്‍ക്കാരിനോട് ആര്‍ക്കും എന്തും ആവശ്യപ്പെടാവുന്നതാണ്. മഹാമാരിയെയാണ് ഇന്ന് നേരിടുന്നത്. എല്ലാ സജ്ജീകരണവും പൂ‍ര്‍ണതോതിൽ വേണം. ലാബുകള്‍ വ്യക്തികളുടെയോ സംഘത്തിന്‍റെയോ ആയാൽ ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ തീരുമാനിക്കാൻ കഴിയില്ല. ഇപ്പോൾ സഹകരിക്കാത്തവര്‍ ആദ്യം സഹകരിക്കണം. പിന്നെന്തെങ്കിലും ഉണ്ടെങ്കിൽ ചര്‍ച്ച ചെയ്യും. സഹകരിക്കുന്നില്ലെങ്കിൽ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സ്വീകരിക്കും. നിര്‍മാണ മേഖലയ്ക്ക് ഇപ്പോൾ നിയന്ത്രണമില്ല. എന്നാൽ എവിടെയാണോ ജോലിക്ക് എത്തുന്നത് അവിടെ തന്നെ താമസിക്കാൻ സൗകര്യം ഒരുക്കണം. അല്ലാതെ നിയന്ത്രണം ഇല്ല. 

മാധ്യമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി

മാധ്യമങ്ങളോട് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർന്നും സഹകരണം വേണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിൽ ധാരാളം ഭാവനാ സമ്പന്നരായ ആളുകളുണ്ട്. അവരാണ് സത്യപ്രതിജ്ഞാ സമയം ചോദിച്ചതിന് പിന്നിൽ അത്തരത്തിൽ ഒരു നടപടിയിലേക്കും ഇപ്പോൾ കടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ