Latest Videos

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ സാധാരണ നിലയിൽ

By Web TeamFirst Published Apr 24, 2021, 4:10 PM IST
Highlights

സംസ്ഥാനമാകെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. നഗരകേന്ദ്രമായ തമ്പാനൂരിൽ ആളൊഴിഞ്ഞപ്പോൾ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നീണ്ട ക്യൂവായിരുന്നു കാഴ്ച

തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാനത്ത് വാക്സിൻ വിതരണം മുടക്കമില്ലാതെ തുടരുന്നു. വാക്സിന് ക്ഷാമമില്ലെങ്കിലും പലയിടത്തുംവിതരണത്തിൽ ആശയക്കുഴപ്പവും തിരക്കുമുണ്ട്. കണ്ണൂർ കേളകത്തും തിരുവനന്തപുരം അമ്പലത്തറയിലും വാക്സിനെടുക്കാനെത്തിയവരും ആരോഗ്യപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

സംസ്ഥാനമാകെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. നഗരകേന്ദ്രമായ തമ്പാനൂരിൽ ആളൊഴിഞ്ഞപ്പോൾ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നീണ്ട ക്യൂവായിരുന്നു കാഴ്ച. പ്രായമായവരും അവശതയുള്ളവരുമടക്കം ഇരുന്നൂറിലധികം പേർ പൊരിവെയിലത്ത് തിങ്ങിനിറഞ്ഞ് സാമൂഹ്യഅകലം പോലുമില്ലാതെ ക്യൂവിൽ നിന്നത്.  രവിലെ മുതൽ വന്നു നിന്നവർക്ക് വൈകി ടോക്കൺ നൽകിത്തുടങ്ങിയതാണ് തിരക്കിനിടയാക്കിയത്.  പ്രായമായവരാണ് ഇതുകാരണം ഏറെ വലഞ്ഞത്.

തിരുവനന്തപുരം ആമ്പലത്തറ അൽആരിഫ് ആശുപത്രിയിൽ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്തത് 120ലധികം പേർ. എന്നാൽ ഉണ്ടായിരുന്നത് 50 ഡോസ് മാത്രം.  ഇതോടെ രജിസ്റ്റർ ചെയ്ത് കാത്തിരുന്നവർ ആശുപത്രി അധികൃതരുമായി വാക്കേറ്റമായി. പൊലീസെത്തിയാണ് തർക്കം പരിഹരിച്ചത്.  ഇന്ന് കാത്തു നിന്നവർ വീണ്ടും രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കണം. ഏകോപനത്തിലെ പിഴവ് കാരണം സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സിനേഷനിൽ ആശയക്കുഴപ്പം തുടരുകയാണ്.

കണ്ണൂരിൽ കേളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത് വാക്സിൻ കിട്ടാത്തവരും ഇന്നത്തേക്ക് രജിസ്റ്റർ ചെയ്തവരും ഒരുമിച്ചതെത്തിയതോടെ തിരക്കും ബഹളവുമായി.   കണ്ണൂർ ചക്കരക്കലിൽ ആപ്പിലെ തകരാറാണ് വില്ലനായത്.  ആപ്പിലെ തകരാർ കാരണം ഉച്ചയ്ക്ക് ശേഷം സമയമനുവദിച്ചവരും രാവിലെ തന്നെ  എത്തി. പൊലീസും സെക്ടറൽ മജിസ്ട്രേറ്റും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.  

click me!