വാക്സീൻ സ്വീകരിക്കാൻ ആദ്യം തന്നെ മുന്നോട്ട് വന്ന് ഡിഎംഒമാരുടെ മാതൃക; കേരളത്തിലും കൊവിഡ് വാക്സിനേഷൻ തുടങ്ങി

By Web TeamFirst Published Jan 16, 2021, 12:19 PM IST
Highlights

വാക്സീന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകർ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്‌.

തിരുവനന്തപുരം: കേരളത്തിലും കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നടപടികൾ തുടങ്ങി. ആകെ 133 കേന്ദ്രങ്ങളാണ് കേരളത്തിൽ വാക്സിനേഷനായി തയ്യാറാക്കിയിട്ടുള്ളത്. 13,300 പേരാണ് ആദ്യഘട്ടത്തിൽ വാക്സീൻ എടുക്കുക. വാക്സീൻ സ്വീകരിക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പല ജില്ലകളിൽ ഡിഎംഒമാരും ആശുപത്രി സൂപ്രണ്ടുമാരുമാണ് ആദ്യം തന്നെ വാക്സീൻ സ്വീകരിച്ചത്. കൊവിഷീൽഡ് ആണ് കേരളത്തിൽ നൽകുന്നത്. 

കേരളത്തിൽ ആദ്യ ഘട്ട കൊവിഡ് വാക്സിൻ സ്വീകരിച്ചത് ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കം ഉള്ളവരാണ്. വാക്സീന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകർ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്‌. രണ്ടാം ഘട്ടത്തിൽ വാക്സീൻ സ്വീകരിക്കേണ്ടവരുടെ പട്ടികയും സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.

ആശങ്ക വേണ്ടേ വേണ്ടെന്നാണ് വാക്സീൻ സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റംല ബീവി പ്രതികരിച്ചത്. പത്തനംതിട്ടയിൽ ആദ്യ വാക്സിൻ ഡിഎംഒ എ എൽ ഷീജ സ്വീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ വാക്സിൻ സ്വീകരിച്ചത് ജില്ലയിലെ മുതിർന്ന 5 ഡോക്ടർമാരാണ്. കണ്ണൂരിൽ മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ സതീഷൻ ബാലസുബ്രഹ്മണൻ ആദ്യ ഡോസ് സ്വീകരിച്ചു. തൃശ്ശൂരിൽ ഡിഎഒ ഡോ കെ ജെ റീനയാണ് ആദ്യ വാക്സീൻ സ്വീകരിച്ചത്. പാലക്കാട് ഡിഎംഎ ഡോ പി കെ റീത്ത വാക്സീൻ സ്വീകരിച്ചു. ഡോക്ടർക്ക് നേരത്തെ കൊവിഡ് വന്ന് ഭേദമായതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ ടി എസ് അനീഷ് അടക്കമുള്ള മുതിർന്ന ഡോക്ടർമാർ ആദ്യഘട്ടത്തിൽ തന്നെ വാക്സീൻ കുത്തിവയ്പ്പെടുത്തു. ആലപ്പുഴയിൽ  ഡിഎഒ അനിതാകുമാരിയും, ആർസിഎച്ച് ഓഫീസർ ഡോക്ടർ മോഹൻദാസും, ഡോ വേണുഗോപാലും വാക്സീൻ കുത്തിവയ്പ്പെടുത്തു. മലപ്പുറം ജില്ലയില്‍ ഐഎംഎയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ വിയു സീതി ആദ്യ വാക്സിന്‍ സ്വീകരിച്ചു. 

 

വാക്സീൻ വലിയ  പ്രതീക്ഷ നൽകുന്നുണ്ടെന്നും ഇത് വരെയുള്ള ചിട്ടയായ പ്രതിരോധ പ്രവർത്തനവും ജനങ്ങളുടെ സഹകരണവും മഹാമാരിയെ പിടിച്ചു നിർത്താൻ സഹായിച്ചുവെന്ന് ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. വാക്സീൻ വന്നതു കൊണ്ട് മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ ഉപേക്ഷിക്കില്ലെന്നും കെ കെ ശൈലജ  വ്യക്തമാക്കി. 

കുത്തിവയ്പ് എടുത്ത്, നിരീക്ഷണവും കഴിഞ്ഞു ഇറങ്ങാൻ പരമാവധി ചെലവാകുന്നത് 45 മിനുട്ട് മാത്രമാണ്. 133 കേന്ദ്രങ്ങളിൽ ആയി 100 വീതം ആരോഗ്യ പ്രവർത്തകർ വരും ദിവസങ്ങളിലും കുത്തിവയ്പ് എടുക്കും. വാക്സീന്റെ ലഭ്യത കൂടുമ്പോൾ ഓരോ ജില്ലകളിലും 100ൽ അധികം കേന്ദ്രങ്ങളിൽ വാക്സിനേഷന് സൗകര്യമൊരുക്കും. തിരുവനന്തപുരം അടക്കം ചില ജില്ലകളിൽ സ്വകാര്യ ആശുപത്രികളിൽ ഒന്നിട വിട്ട ദിവസങ്ങളിലും സർക്കാർ മേഖലയിൽ എല്ലാ ദിവസവും രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകും. വാക്സീൻ സ്വീകരിച്ചാലും ജാഗ്രത തുടരണം. 

വാക്സീൻ എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്കു രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്‌സിൻ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. വെയിസ്റ്റേജ് പരമാവധി കുറയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. അലർജി, പനി അടക്കം ചില ചെറിയ പ്രശ്‌നങ്ങൾ ചിലർക്ക് എങ്കിലും ഉണ്ടാകാം. എന്നാൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് ഇതുവരെ പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല. ചെറിയ പ്രശ്നങ്ങൾ ഉള്ളവരെയും കൃത്യമായി നിരീക്ഷിക്കാൻ കേരളത്തിൽ സംവിധാനം ഒരിക്കിയിട്ടുണ്ട്. ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നൽകുക.

കൈയ്യിലെ മസിലിലാണ് കൊവിഷീൽഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്നാണ് കണക്ക്. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്സിൻ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.

click me!