റിമാന്റ് പ്രതി മരിച്ച സംഭവം; അപസ്മാരം വന്ന് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Jan 16, 2021, 11:06 AM IST
Highlights

ഷഫീഖ് അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ  ജയിൽ ഡി ഐ ജി സാം തങ്കയ്യന്റെ റിപ്പോർട്ടിൽ പറയുന്നു. കൃത്യസമയത്ത് ഷഫീഖിനെ ആശുപത്രിയിൽ എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്. 

കൊച്ചി: റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ  ജയിൽ ഡി ഐ ജി സാം തങ്കയ്യന്റെ റിപ്പോർട്ടിൽ പറയുന്നു. കൃത്യസമയത്ത് ഷഫീഖിനെ ആശുപത്രിയിൽ എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്  ചൊവ്വാഴ്ച ജയിൽ ഡിജിപിക്ക്‌ സമർപ്പിക്കും. 

മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നുമാണ് ഷഫീഖിന്റെ പിതാവ് മുഹമ്മദ് ഇസ്മയിയിലിന്റെ ആരോപണം. കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെ അപസ്മാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. ആക്ഷപമുയർന്ന സാഹചര്യത്തിലാണ്  സംഭവം മധ്യമേഖല ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ അന്വേഷിക്കുമെന്ന് ജയിൽവകുപ്പ് തീരുമാനിച്ചത്. കാക്കനാട് ജയിലിലും കോട്ടയത്തും എത്തി അദ്ദേഹം തെളിവെടുപ്പ് നടത്തി. 

കാക്കനാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡിജിപിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക് ഉത്തരവ് നൽകി. 

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (36) കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. 


 

click me!