കൊവിഡ് വാക്സീൻ: കേന്ദ്രം ആഗോള ടെൻഡർ വിളിക്കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 24, 2021, 6:38 PM IST
Highlights

ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സീനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സീൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്സീനുകളുടെ വില ഉയരാതെ നിലനിർത്താം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നേരിട്ട് ആ​ഗോള ടെൻഡർ വിളിച്ചാൽ കൊവിഡ് വാക്സീൻ വില ഉയരുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിൻ സ്റ്റോക്ക് തീർന്നതുകൊണ്ടാണ് വാക്സീൻ വാങ്ങാൻ ആ​ഗോള ടെണ്ടർ സംസ്ഥാന സർക്കാർ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

രോഗവ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിൽ പരമാവധി പേർക്ക് വാക്സീൻ നൽകലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആർജ്ജിക്കാനാവുക. എന്നാൽ വാക്സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയിൽ വാക്സീനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കി. 45 വയസിന് മുകളിലുള്ളവർക്ക് വാക്സീനേഷന് വേണ്ട വാക്സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണ്.

സംസ്ഥാനത്തിന്റെ പക്കലുള്ള സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തി. ഇതിനെ തുടർന്നാണ്  വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ ആഗോള ടെണ്ടർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സീനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സീൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്സീനുകളുടെ വില ഉയരാതെ നിലനിർത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേന്ദ്രം വാക്സിൻ നൽകിയാൽ മാത്രമേ 45ന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നല്കാനാവൂ. സംസ്ഥാനം വില കൊടുത്തു വാങ്ങിയ വാക്‌സീൻ  മറ്റു വിഭാഗങ്ങൾക്ക് നൽകാനാവില്ല. പ്രോട്ടോകോൾ മാറ്റം ഉണ്ടാവില്ല. വില കൊടുത്തു വാങ്ങിയത് 18നും 44നും ഇടയിൽ ഉള്ളവർക്ക് മാത്രം നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!