കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹം പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജെഎസ്എസ് താമരാക്ഷന്‍ വിഭാഗവും മുന്‍ എംഎല്‍എ മാത്യു സ്റ്റീഫനും അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ ലയിച്ചു. 

കൊച്ചി: എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം പാര്‍ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ എ.വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹം പാര്‍ട്ടിയില്‍ ലയിച്ചു. ലയനത്തിന് പിന്തുണയുമായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും. എറണാകുളത്തെ ഹോട്ടല്‍ റിണൈ കൊച്ചി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലായിരുന്നു പ്രൊഫ. എ. വി താമരാക്ഷന്റെയും മാത്യു സ്റ്റീഫന്റെയും നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരും ഹം പാര്‍ട്ടിയില്‍ ലയിച്ചത്.

പാര്‍ട്ടി ദേശീയ പ്രസിഡന്റും ബീഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമന്‍ ലയന സമ്മേളനം ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച പാര്‍ട്ടിയാണ് ഹം പാര്‍ട്ടിയെന്നും ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തിലൂടെ ദക്ഷിണേന്ത്യയിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്നും സന്തോഷ് കുമാര്‍ സുമന്‍ പറഞ്ഞു. വരും നാളുകളില്‍ മറ്റുപാര്‍ട്ടികളിലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഹം പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ദേശീയ മുഖ്യ ജനറല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ പാണ്ഡേ ഷാളണിയിച്ച് സ്വീകരിച്ചു.

ഹം പാര്‍ട്ടിയുടെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും അംഗത്വ വിതരണ ക്യാമ്പയിനും രാജേഷ്‌കുമാര്‍ പാണ്ഡേ ചടങ്ങില്‍ നിര്‍വ്വഹിച്ചു. കേരള രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ ഹം പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറുമെന്ന് പ്രൊഫ. എ. വി താമാരാക്ഷന്‍ പറഞ്ഞു. സാധാരണക്കാരുടെയും കര്‍ഷകരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഹം പാര്‍ട്ടി മുന്നിലുണ്ടാകുമെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ജനുവരി 10 മുതല്‍ ഫെബ്രുവരി 10 വരെ കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്ട്രടറി സുബീഷ് വാസുദേവ് പറഞ്ഞു. ജാഥയുടെ ഭാഗമായി കോഴിക്കോട് മതേരത്വ സമ്മേളനവും തൃശൂരില്‍ സമത്വ സമ്മേളനവും കോട്ടയത്ത് യുവജന ശാക്തീകരണ സമ്മേളനവും തിരുവനന്തപുര സ്ത്രീ ശാക്തീകരണ സമ്മേളനവും സംഘടിപ്പിക്കുമെന്നും സുബീഷ് വാസുദേവ് പറഞ്ഞു.