കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടത്തിൽ, ആദ്യഡോസ് സ്വീകരിച്ചത് 80 ശതമാനത്തിലേറെ പേർ

By Web TeamFirst Published Sep 15, 2021, 6:38 PM IST
Highlights

സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകാനായി. കൊവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനം വാക്സീനേഷനാണ്. 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണ്.

സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട് ശതമാനത്തിന് മാത്രമേ ഓക്സിജൻ ബെഡുകൾ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവിൽ ആയുള്ളൂ.

18 വയസ്സായ എല്ലാവർക്കും ഈ മാസം ആദ്യഡോസ് നൽകാനായാൽ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സീനേഷനും പൂ‍ർത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ വൈകിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു. കൊവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്.തക്ക സമയത്ത് ചികിത്സ തേടിയാൽ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാം.

click me!