കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 17,681 പുതിയ രോഗികൾ, 25,588 രോഗമുക്തി നേടി, വാക്സീനേഷൻ നിർണായകഘട്ടത്തിൽ

Published : Sep 15, 2021, 06:05 PM ISTUpdated : Sep 15, 2021, 06:17 PM IST
കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 17,681 പുതിയ രോഗികൾ, 25,588 രോഗമുക്തി നേടി, വാക്സീനേഷൻ നിർണായകഘട്ടത്തിൽ

Synopsis

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

കൊവിഡിൽ ആശ്വാസകരമായ സാഹചര്യത്തിലേക്ക് നമ്മൾ എത്തുകയാണ്.നിപയിൽ ഇൻക്യൂബൻ കാലവധിയായ 14 ദിവസം കഴിഞ്ഞതിനാൽ കോഴിക്കോട്ടെ കണ്ടെയ്ൻമെൻ്റ് വാർഡുകളിലെ നിയന്ത്രണത്തിൽ ഇളവ് വരുത്തി. ചാത്തമംഗലത്തെ ഒൻപതാം വാർഡ് കണ്ടെയ്ൻമെൻ്റായി തുടരും. രോഗലക്ഷണമുള്ളവർ വീടുകളിൽ കഴിയണമെന്ന് നിർദേശിച്ചു. ഇവിടെ കൊവിഡ് വാക്സീനേഷൻ പുനരാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷനിൽ ഒരു നിർണായക ഘട്ടം നാം കടന്നു

കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടത്തിൽ 

സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകാനായി. കൊവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനം വാക്സീനേഷനാണ്. 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണ്.

സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട് ശതമാനത്തിന് മാത്രമേ ഓക്സിജൻ ബെഡുകൾ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവിൽ ആയുള്ളൂ.

18 വയസ്സായ എല്ലാവർക്കും ഈ മാസം ആദ്യഡോസ് നൽകാനായാൽ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സീനേഷനും പൂ‍ർത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ വൈകിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു. കൊവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്.തക്ക സമയത്ത് ചികിത്സ തേടിയാൽ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'
'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ