അതിജാഗ്രതയുടെ നാളുകൾ; വൈറസ് വ്യാപനം അതിവേഗത്തിൽ, കേരളത്തിന് വെല്ലുവിളി

By Web TeamFirst Published Sep 12, 2020, 7:13 AM IST
Highlights

20,000 വരെ പ്രതിദിന കേസുകൾ വരും ആഴ്ചകളിൽ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. റിവേഴ്‌സ് ക്വറന്റീൻ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സർക്കാരിന്റെ ഉള്ളിലുള്ള ആശങ്ക.

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിർത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്. ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്‍റിലേറ്ററുകൾക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സർക്കാർ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്.

ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിൽ തുടങ്ങി 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുന്നത് മരണനിരക്ക് പിടിച്ചു നിർത്തിയാണ്. 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു. 7 മാസം വിശ്രമമില്ലാത്ത പരിശോധന, നിരീക്ഷണം, സമ്പർക്ക പട്ടിക കണ്ടെത്തൽ, ചികിത്സ നടപടികൾ. രാജ്യത്തു ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ആഗസ്ത് 19 നാണ് കേരളത്തിൽ ആകെ രോഗികൾ 50,000 കടന്നത്. എന്നാൽ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികൾ ഒരു ലക്ഷവും കടന്നു. 

മരണനിരക്കും മുകളിലേക്കാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂർണമായി സമ്പർക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം. കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തൽ.

20,000 വരെ പ്രതിദിന കേസുകൾ വരും ആഴ്ചകളിൽ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. റിവേഴ്‌സ് ക്വറന്റീൻ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സർക്കാരിന്റെ ഉള്ളിലുള്ള ആശങ്ക. കൂടിയ ജനസാന്ദ്രതയും വെല്ലുവിളിയാണ്. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ ഒന്നേകാൽ ശതമാനത്തോളം ആളുകൾ ആണ് വെന്റിലേറ്റർ, ഐസിയു എന്നിവയിൽ ഉള്ളത്. 20,000 വരെ പ്രതിദിന കേസുകൾ ആവുന്നതോടെ ഇതേ തോതിൽ വന്നാൽ വെന്റിലേറ്ററുകളും ഐസിയുകളും നിറയും എന്നുറപ്പ്. വ്യാപനം പരമാവധി വൈകിപ്പിച്ചു പിടിച്ചു നിൽക്കുക എന്നത് തന്നെയാകും കേരളം തുടരാൻ പോകുന്ന രീതി. ഇതിനിടയിൽ വരുന്ന ഇളവുകൾ എങ്ങനെ സ്വീകരിക്കപ്പെടും, നിയന്ത്രണങ്ങൾ എത്രത്തോളം പാലിക്കപ്പെടും എന്നത് ആകും നിര്ണായകമാവുക.

click me!