കൊവിഡ് 19 : ഇറ്റാലിയൻ പൗരന്‍റെ സമ്പര്‍ക്ക പട്ടികയിൽ "ക്ഷ" വരച്ച് ആരോഗ്യ പ്രവര്‍ത്തകര്‍

By Web TeamFirst Published Mar 14, 2020, 10:48 AM IST
Highlights

ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോർട്ടിൽ നിന്ന് 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി
റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ എന്നിവർ ആണിത്. 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് രോഗബാധിതനായി കണ്ടെത്തിയ ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ വെല്ലുവിളി. 27 ന് കേരളത്തിലെത്തിയ ഇറ്റാലിയൻ പൗരൻ പല സ്ഥലങ്ങളിൽ പോയിട്ടുണ്ട്. വര്‍ക്കലയിലെ റിസോര്‍ട്ടിലാണ് താമസിച്ച് വന്നത്. രോഗം ലക്ഷണങ്ങൾ ഉണ്ടായ ശേഷവും ഇറ്റാലിയൽ പൗരൻ പല മേഖലകളിൽ പോയിട്ടുണ്ടെന്നും പലരുമായും ഇടപെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാഥമിക വിലയിരുത്തൽ. കൃത്യമായ റൂട്ട് മാപ്പ് ഉണ്ടാക്കിയെടക്കുക എന്നത് വലിയ ശ്രമകരമായ ദൗത്യമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും വിലയിരുത്തൽ. 

എല്ലാ വര്‍ഷവും ഇറ്റാലിയൻ സ്വദേശി വര്‍ക്കലയിൽ എത്താറുണ്ടെന്നാണ് വിവരം. വളരെ പരിചിതമായ മേഖലയായതുകൊണ്ട് ഒട്ടേറെ സ്ഥലങ്ങളിൽ ഇദ്ദേഹം യാത്രചെയ്തതായും സൂചനയുണ്ട്. 27 ന് കേരളത്തിൽ എത്തിയ ശേഷം രോഗ ലക്ഷണങ്ങളോടെ  അഞ്ചാം തീയതി മാത്രമാണ് ഇദ്ദേഹം പാരിപ്പള്ളിയിൽ ചികിത്സതേടിയത്. അതിന് ശേഷവും ഓട്ടോയിലാണ് റിസോര്‍ട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. ഇറ്റാലിയൻ സ്വദേശി താമസിച്ച റിസോര്‍ട്ട് അടച്ച് പൂട്ടി.  ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോർട്ടിൽ നിന്ന് 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  

മൂന്ന് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ  തിരുവനന്തപുരത്ത്  18 പേര്‍ ആശുപത്രിയിലും 231 പേര്‍ വീട്ടിലും ഐസൊലേഷനിൽ കഴിയുന്നുണ്ട്.  വിനോദ സഞ്ചാര മേഖലയിൽ കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 899 വിദേശികൾ തിരുവനന്തപുരത്ത് ഉണ്ട്. മുഴുവൻ പേരും നിരീക്ഷണത്തിലാണ് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. വര്‍ക്കല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളുടെ എണ്ണം വളരെ കുറവാണ്. എങ്കിൽ പോലും ഇവരിൽ പലര്‍ക്കും സുരക്ഷാ മുൻകരുതൽ നിര്‍ദ്ദേശങ്ങൾ ഫലപ്രദമായി ലഭിച്ചിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!