പത്തനംതിട്ടയിൽ കൂടുതൽ നെഗറ്റീവ് ഫലങ്ങൾ, നിസാമുദ്ദീനിൽ നിന്നെത്തിയ 14 പേരുടെ ഫലം നെഗറ്റീവ്

By Web TeamFirst Published Apr 4, 2020, 2:01 PM IST
Highlights

കൊവിഡ് ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ജില്ലക്ക് ആശ്വാസമായി കൂടുതൽ നെഗറ്റീവ് ഫലങ്ങൾ. ഇന്നലെയും ഇന്നുമായി 111 ഫലങ്ങളാണ് നെഗറ്റീവായത്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ 75 പേരുടെ കൊവിഡ് ഫലംകൂടി നെഗറ്റീവ്. നിസാമുദ്ദീനിൽ തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 14 പേരുടെ ഫലം കൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇതിൽ ചിലരുടെ സാംപിളുകള്‍ വീണ്ടും പരിശോധിക്കും. കൊവിഡ് ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ജില്ലക്ക് ആശ്വാസമാണ് കൂടുതൽ നെഗറ്റീവ് ഫലങ്ങൾ. ഇന്നലെയും ഇന്നുമായി 111 ഫലങ്ങളാണ് നെഗറ്റീവായത്. ഇക്കൂട്ടത്തിൽ ദില്ലി നിസാമുദ്ദീനിൽ പോയ 14 പേരുടെയും ഫലങ്ങളുണ്ട്.

നേരത്തെ ഇറ്റലിയിൽ നിന്നെത്തിയവരുമായി സമ്പർക്കത്തിലുണ്ടായതിനെ തുടർന്ന് പോസിറ്റീവ് ആയ ഒരാളും നെഗറ്റീവ് ആയിട്ടുണ്ട്. നിസാമുദ്ദീനിൽ  പോയ 25  പേരുടെ പട്ടികയാണ് ജില്ല ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ കൂടുതൽ പേരുണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. മാർച്ച് ആദ്യ വാരം മുതൽ നിസാമുദ്ദീൻ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതിനിടെ പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ പിതാവ് മരിച്ചു. വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെതുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നിരീക്ഷണത്തിലുള്ള മകന്‍റെ സാംപിൾ പരിശോധിച്ചതിന് ശേഷം സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം. മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ കോവിഡ് മുൻകരുതൽ പ്രവർത്തനങ്ങൾ വിലയിരുത്തി.

click me!