വൈത്തിരി മാവോയിസ്റ്റ് വെടിവയ്പ്പ്: കൊല്ലപ്പെട്ട ജലീലിന്റെ അമ്മയടക്കമുള്ളവരെ കളക്ടർ വിളിപ്പിച്ചു

By Web TeamFirst Published Jul 1, 2019, 5:54 PM IST
Highlights

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാ​ഗമായാണ് ജലീലിന്റെ കുടുംബാം​ഗങ്ങളോട് ഹാജരാകാൻ കളക്ടർ ആവശ്യപ്പെട്ടത്. 

കൽപറ്റ: വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവുൾപ്പടെയുള്ള ബന്ധുക്കളെ വയനാട് കളക്ടർ വിളിപ്പിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാ​ഗമായാണ് ജലീലിന്റെ കുടുംബാംഗങ്ങളോട് ഹാജരാകാൻ കളക്ടർ ആവശ്യപ്പെട്ടത്. 

ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമുള്ള ആവശ്യം ബന്ധുക്കള്‍ കളക്ടറോടും ആവർത്തിച്ചു. കേസിൽ നീതിലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ജലീല്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്നും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ സർക്കാർ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വയനാട് ജില്ലാ കളക്ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്‍റെ ഭാഗമായാണ് ‌ജലീലിന്റെ അമ്മയടക്കമുള്ള 14 കുടുംബാംഗങ്ങളോട് കളക്ടറുടെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ ജയിലില്‍ കഴിയുന്ന ജലീലിന്‍റെ സഹോദരനും ഇതില്‍ ഉള്‍പ്പെടും. 

അതേസമയം, ജലീലിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ പരാതി പരിഗണിച്ചെങ്കിലും പ്രത്യേകം കേസെടുക്കാനാകില്ലെന്ന് കല്‍പറ്റ ജില്ലാ കോടതി അറിയിച്ചു. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ബന്ധുക്കള്‍ നല്‍കിയ പരാതിയും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
  

click me!