പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ശക്തമായ ചോദ്യങ്ങളുമായി ചലച്ചിത്ര പ്രവർത്തക ഡോക്ടർ ആശ ആച്ചി ജോസഫ്

തിരുവനന്തപുരം: സംവിധായകനും മുന്‍ ഇടത് എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ തുറന്നെഴുത്തുമായി പരാതിക്കാരിയായ ചലചിത്രപ്രവര്‍ത്തക ആശാ ആച്ചി ജോസഫ്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഏറെ വൈകി. മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് വരെ കാത്തിരുന്നു. ഒത്തുതീര്‍പ്പിനും പിന്തിപ്പിക്കാനുമുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടതെന്നും എന്നാല്‍ ഒത്തുതീര്‍പ്പെന്ന അപമാനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വ്യക്തമാക്കിയാണ് ആശയുടെ തുറന്നെഴുത്ത്. ഇടത് സര്‍ക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പെന്ന ആക്ഷേപമുയര്‍ന്ന സംഭവമായിരുന്നു സംവിധായകനും മുന്‍ ഇടത് എംഎല്‍എയും രാജ്യാന്തര ചലചിത്ര മേളയുടെ സിലക്ഷന്‍ കമ്മറ്റി അധ്യക്ഷനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ തൊഴിലിടത്തില്‍ നിന് ഉയര്‍ന്ന ഗുരുതരമായ ലൈഗിക അതിക്രമ പരാതി.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസാണ് വൈകിയെടുത്ത കേസില്‍ വാര്‍ത്ത പുറത്തുവിട്ടത്. അതിലാണ്, ലൈംഗികാതിക്രമം നേരിട്ടത് താനെന്ന് വ്യക്തമാക്കി തുറന്നടിച്ച് പരാതിക്കാരിയായ ചലച്ചിത്രപ്രര്‍ത്തക ആശ ആച്ചി ജോസഫ് രംഗത്തുവന്നത്. നിശബ്ദയാകാന്‍ ഒരുക്കമില്ലെന്ന തലക്കെട്ടില്‍ ആശ എഴുതിയ ലേഖനത്തില്‍ സര്‍ക്കാരിനെയും നിയമസംവിധാനത്തെയും ഒത്ത് തീര്‍പ്പ് സംഘങ്ങളെയും തുറന്നുകാട്ടുന്നു.നവംബര്‍ 23ന് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. നാല് ദിവസം കഴിഞ്ഞ് രണ്ട് വനിതാ പൊലീസൂകാര്‍ വന്ന് മൊഴിയെടുത്തതല്ലാതെ ഒന്നുമുണ്ടായില്ല. രണ്ടാഴ്ചയിലേറെ കഴിഞ്ഞ് ഡിസംബര്‍ എട്ടിന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ആശ. ഇതിനിടെ അക്കാദമി ഭാരവാഹികള്‍ ഫോണിലൂടെ ദു:ഖം രേഖപ്പെടുത്തി, വാഗ്ദാനങ്ങള്‍ പലതും നല്‍കി. ഒത്ത് തീര്‍പ്പിനായി ശ്രമിച്ചവരരോട് ആശക്ക് പറയാനുള്ളത് ദയവായി തന്നെ ആ അപമാനത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ്.

മിണ്ടാതിരിക്കുക എന്നത് തന്‍റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമെന്ന് തോന്നിയെന്നും ആശ പറയുന്നു. താന്‍ ഉള്‍പ്പെടെ WCCകൂട്ടായ്മ സഹപ്രവര്‍ത്തക നേരിട്ട ആക്രമണത്തില്‍ ശബ്ദമുയര്‍ത്തി ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും തൊഴിലിടത്തില്‍ തനിക്ക് ദുരനുഭവം നേരിട്ടു. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിനെതിരായ നിയമം പറയുന്നത് തടയല്‍, നിരോധിക്കല്‍, പരിഹരിക്കല്‍ എന്നാണ്. ആദ്യത്തെ രണ്ടിനും കഴിയാത്ത വ്യവസ്ഥിതിക്ക് പരിഹാരം നല്‍കാനും കഴിയില്ലെന്ന് ആശ. സംരക്ഷണത്തിന്‍റെയോ സുരക്ഷയുടേയോ പേരില്‍ ഒരു സ്ത്രീയും നിശബദയാകരുതെന്നും തനിക്ക് സഹതാപമല്ല ഐഖ്യദാര്‍ഢ്യമാണ് വേണ്ടെന്നും വ്യക്തമാക്കുന്നുണ്ടവര്‍. ഒരുഭാഗത്ത് രാഹുല്‍ മാങ്കൂട്ടം വിഷയം കത്തി നില്‍ക്കെ സര്‍ക്കാര്‍ പിടി കുഞ്ഞുമുഹമ്മദിനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. ആശയുടെ തുറന്ന് പറച്ചിലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പിടി കുഞ്ഞുമുഹമ്മദിനെ പൊലീസ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. തുടര്‍ നടപടികളൊന്നും കേസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

YouTube video player