'ബിനോയ്‌ വിശ്വം പോരാ', സംസ്ഥാന സെക്രട്ടറിക്ക് നിലപാടുകളിൽ ശക്തിയില്ല; രണ്ടാം പിണറായി സർക്കാരിനും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം

Published : May 16, 2026, 11:24 PM IST
CPI

Synopsis

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ബിനോയ് വിശ്വത്തിന്റെ നിലപാടുകൾ ദുർബലമാണെന്നും സർക്കാർ അടിസ്ഥാന വർഗ്ഗത്തെ അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു

ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ തികഞ്ഞ പരാജയമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ഒട്ടും ശക്തിയില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ കൃത്യസമയത്ത് നിലപാട് വ്യക്തമാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ആറന്മുളയിലെ ആശാ സമരത്തിൽ ആദ്യം മൗനം പാലിച്ച ബിനോയ് വിശ്വം, തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റപ്പോഴാണ് നിലപാട് വ്യക്തമാക്കാൻ തയ്യാറായത്. സെക്രട്ടറിയുടെ ഇത്തരം ദുർബലമായ നിലപാടുകൾ പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യമാക്കിയെന്നും കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. 'ബിനോയ്‌ വിശ്വം പോരാ' എന്ന നിലയിൽ ജില്ലാ കൗൺസിൽ അംഗങ്ങൾ കടുത്ത വിമർശനവും ഉന്നയിച്ചു.

യുവാക്കൾ എവിടെ?

പാർട്ടിയിൽ ഗുരുതരമായ സംഘടനാ ദൗർബല്യം നിലനിൽക്കുന്നുണ്ടെന്ന ആക്ഷേപവും യോഗത്തിൽ ശക്തമായി ഉയർന്നു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മത്സരിച്ച മണ്ഡലത്തിൽ പോലും യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറക്കാൻ പാർട്ടിക്ക് സാധിച്ചില്ല. എ ഐ വൈ എഫ് പ്രവർത്തകർ പോലും സജീവമായി രംഗത്തിറങ്ങാതിരുന്നപ്പോൾ കോൺഗ്രസിനും ബി ജെ പിക്കും വേണ്ടി യുവാക്കൾ ധാരാളമായി രംഗത്തുണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് യുവാക്കൾ വലിയ തോതിൽ അകലുന്നതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച അംഗങ്ങൾ, ഹരിപ്പാട് മേഖലയിൽ ബി ജെ പിക്ക് വോട്ടുകൾ വർദ്ധിച്ച കാര്യവും യോഗത്തിൽ ഉന്നയിച്ചു. സി പി എം മത്സരിച്ച കായംകുളത്തും അമ്പലപ്പുഴയിലും ആവശ്യമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംഘടനാപരമായ വീഴ്ചയുണ്ടായതായും വിമർശനമുയർന്നു.

രണ്ടാം പിണറായി സർക്കാർ അടിസ്ഥാന വർഗ്ഗത്തെ പാടെ മറന്നതാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നും ജില്ലാ കൗൺസിൽ വിലയിരുത്തി. കഴിഞ്ഞ സർക്കാരിന് ഒരു ഇടതുപക്ഷ സ്വഭാവവും ഉണ്ടായിരുന്നില്ല. കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തത്. ഈ മേഖലകളുടെ പുരോഗതിക്കായി സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു. പരാജയത്തെക്കുറിച്ചുള്ള ചർച്ചകളിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം ആഞ്ഞടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി
മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; ചർച്ചകൾ നാളെയും തുടരും