
പത്തനംതിട്ട: ആറന്മുളയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് മുൻ മന്ത്രി വീണ ജോർജിന്‍റെ മറുപടി. സ്ഥാനാർഥി മോശമായിരുന്നുവെന്നടക്കമുള്ള വ്യക്തിപരമായ വിമർശനങ്ങളോട് പൊട്ടിത്തെറിച്ചാണ് വീണ മറുപടി നൽകിയത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് വീണ വ്യക്തമാക്കി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാർത്ഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞ് നിർബന്ധിച്ചാണ് സ്ഥാനാർഥിയാക്കിയത്. തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിക്ക് താല്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷമുള്ള ഇത്തരത്തിലെ വിമർശനങ്ങളടക്കം എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണ വ്യക്തമാക്കി. അതേസമയം വീണ ജോർജിനെ ചില നേതാക്കൾ തോൽപിക്കാൻ ശ്രമിച്ചുവെന്നും സി പി എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
നേരത്തെ വീണ ജോർജ് തോൽക്കാൻ കാരണം അവരുടെ പെരുമാറ്റമെന്നടക്കമുള്ള വിമർശനങ്ങളാണ് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. സാധാരണ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല. അനാവശ്യ വിവാദങ്ങളിൽ സ്വയം പോയി തലവെയ്ക്കുന്നത് പതിവായിരുന്നു എന്നടക്കം യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും യോഗത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ തന്നെയായിരുന്നു എന്നാണ് ഉയർന്നുവന്ന പ്രധാന അഭിപ്രായം. ഇതിനു പുറമെ, കെ കെ ശൈലജ യേ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതിനെയും യോഗത്തിൽ വിമർശിച്ചു. ശൈലജ ടീച്ചറെ പാർട്ടി അവിടെ കുരുതി കൊടുക്കുകയായിരുന്നു എന്നാണ് യോഗത്തിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനുള്ള ജില്ലാ കമ്മിറ്റി നാളെയും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam