
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ നീക്കം തുടങ്ങിയ ശേഷം ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് യോഗം ചേർക്കാത്തത് ദുരൂഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്. തോട്ടപ്പള്ളി വിഷയം ഇടതുമുന്നണിയിൽ ചർച്ചയാകാതിരിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും ആഞ്ചലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ട ഒരു വിഷയവും നിലവിൽ ജില്ലയിൽ ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.
തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടങ്ങിയത് മുതൽ ജില്ലയിൽ എൽഡിഎഫ് യോഗം വിളിക്കാൻ കൺവീനർ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല. പൊതുമേഖലയുടെ പേര് പറഞ്ഞുള്ള കരിമണൽനീക്കം അടിമുടി ദുരൂഹമാണ്. സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എൽഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ച ക്യാമ്പയിൻ പോലും ജില്ലയിൽ നടന്നിട്ടില്ല.
എന്നാൽ സിപിഐയുടെ ആരോപണങ്ങൾ പൂർണ്ണമായി തള്ളുകയാണ് സിപിഎം. തോട്ടപ്പള്ളി വിഷയത്തിൽ ഇടത്‍മുന്നണിയിൽ ആലോചിക്കാതെയാണ് സിപിഐ സമരം തുടങ്ങിയത്. സർക്കാരിന്‍റെ പ്രളയരക്ഷാനടപടികളെയാണ് സിപിഐ എതിർക്കുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം എൽഡിഎഫ് യോഗം ചേരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, പൊഴിയിൽ നിന്ന് കരിമണൽ നീക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കെഎംഎംഎല്ലിലേക്ക് മണൽ കൊണ്ടുപോകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും മേഖലയിൽ ശക്തമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam