
തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ ടേം വ്യവസ്ഥയിൽ ഇളവിന് സിപിഐയും. നാല് മന്ത്രിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും. ഭരണവിരുദ്ധ വികാരം തുടങ്ങി ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കം പലകാരണങ്ങൾ പുറമേക്ക് പറയുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കണക്കെടുത്താൽ അത്ര ആശാസ്യമല്ല സിപിഐയുടെ അവസ്ഥ.
സീറ്റിലും വോട്ടിലും വിട്ടുവീഴ്ച പറ്റില്ല, കടുംപിടുത്തങ്ങളിൽ പക്ഷെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനും ആകില്ല. തദ്ദേശം കഴിഞ്ഞ് മത്സരം നിയമസഭയിലേക്ക് എങ്കിൽ പരമാവധി സീറ്റ്. തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നിൽക്കുന്ന പതിവ് ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. റവന്യൂമന്ത്രി കെ രാജൻ ഒല്ലൂരിൽ തന്നെ മത്സരിക്കും. മന്ത്രി ജി ആര്‍ അനിൽ നെടുമങ്ങാട്ട് രണ്ടാം മത്സരത്തിന് ഉണ്ടാകും. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ചേര്‍ത്തലയിൽ മന്ത്രി പി പ്രസാദല്ലാതെ മറ്റൊരു ഓപ്ഷൻ നിലവിൽ സിപിഐയ്ക്ക് മുന്നിലില്ല. ചിഞ്ചുറാണി മത്സര രംഗത്ത് ഉണ്ടാകും. അത് പക്ഷെ ചടയമംഗലത്ത് തന്നെയെന്ന് സിപിഐ ഉറപ്പിച്ചിട്ടില്ല. ചടയമംഗലത്ത് പുതുമുഖം വന്നേക്കുമെന്നാണ് സൂചന.
സിറ്റിംഗ് എംഎൽഎ ആണെങ്കിൽ ചാത്തന്നൂരിൽ ജിഎസ് ജയലാൽ നാലാം ഊഴത്തിനിറങ്ങേണ്ടിവരും. പകരം ആരെന്ന ചോദ്യം പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. ഭരണ വിരുദ്ധ വികാരം മുതൽ ശബരിമല സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെ പെരുമാറ്റവും വരെ ഇഴകീറുന്നതിനിടെ കഴിഞ്ഞ തവണത്തെ കണക്കൊത്ത് നോക്കിയാൽ തദ്ദേശ തരെഞ്ഞെടുപ്പിൽ അത്ര മെച്ചമല്ല പാര്‍ട്ടിയുടെ പ്രകടനം. 2020 ൽ 6.93 ശതമാനം വോട്ട് പിടിച്ച സിപിഐ ഇത്തവണ 5.58 ലേക്ക് താഴ്ന്നു. ആറ് കോര്‍പറേഷനുകളിലായി 28 കൗൺസിലര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ 12 ലേക്ക് ചുരുങ്ങി. 2020ൽ 1283 പ്രതിനിധികളുണ്ടായിരുന്നിടത്ത് നിന്ന് നൂറാം വര്‍ഷം തികയ്ക്കുന്ന പാര്‍ട്ടിക്ക് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിൽ കൈ പൊക്കാൻ ശേഷിക്കുന്നത് 1018 പേര്‍ മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam