'ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്'; രൂക്ഷ വിമര്‍ശനവുമായി സിപിഐ

By Web TeamFirst Published Jan 3, 2020, 12:20 PM IST
Highlights

ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ 

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ക്കെതിരെ സിപിഐ. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ പ്രതികരണം. ഗവർണർ ബിജെപിയുടെ മൈക്ക് ആയി മാറരുത്. രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്. ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്‌ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. 

പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കിയത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സമത്വസത്വത്തിന്‍റെ ലംഘനമാണെന്നും കേന്ദ്രസര്‍ക്കാരിന്‍റേത് മതരാഷ്ട്രസമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ജനസംഖ്യാകണക്കെടുപ്പ് പേടിപ്പെടുത്തുന്നുവെന്നും സെന്‍സസില്‍ നിന്ന് കേരളം പിന്‍മാറണമെന്നും പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു. 

click me!